Sunday, June 1, 2008

ഓഫീസു ജോലിക്കു പുരുഷനു സൌന്ദര്യം വേണോ?

എന്റെ അനുഭവമാണിത്. ഇതുപോലൊരു അനുഭവം നിങ്ങളിലാര്‍ക്കുമുണ്ടായിട്ടുണ്ടാവില്ലാ എന്നെനിക്കുറപ്പാണ്‌. കാരണം എന്നെപ്പോലെ നിങ്ങളാരും കാണാന്‍ സൌന്ദര്യം കുറഞ്ഞവരായിരിക്കില്ല എന്ന ഒരു ഉറപ്പ്.

ദരിദ്ര കുടുംബത്തില്‍ ജനിച്ചവനെങ്കിലും, വളരെയേറെ കഷ്ടകാണ്ഡത്തിലൂടെ നടന്നാണെങ്കിലും ഒരു സാധാരണ മലയാളിക്ക് ഉണ്ടാകുന്ന എല്ലാ വിദ്യാഭ്യാസയോഗ്യതയും എനിക്കുമുണ്ടായിരുന്നു. ഒരു മാസ്റ്റര്‍ ഡിഗ്രി, അത്യാവശ്യം കംപ്യൂട്ടര്‍ ജ്ഞാനം, ഹയര്‍ ലെവല്‍ ടൈപിംഗ്, ഷോര്‍ട്ട്‌ഹാന്‍ഡ്, പിന്നെ ബോംബേയിലെ കമ്പനികളില്‍ ജോലിചെയ്ത പരിചയവും. ഇതിന്റെ ബലത്തിലാണ്‌ ഗള്‍ഫില്‍ ഒരു ജോലി എന്ന സ്വപ്നത്തിന്റെ സാക്ഷാത്‌കാരത്തിനായി, എല്ലാ മലയാളികളേയും പോലെ ഞാനും മുംബായിലെ ട്രാവല്‍ ഏജന്‍സികളിലെ ക്യൂവില്‍ നില്‍ക്കാന്‍ തുടങ്ങിയത്‌.

മുംബായിലെ 'യോഗി അസ്‌സോസിയേറ്റ്' എന്ന ട്രാവല്‍ ഏജന്‍സി അക്കാലത്ത്‌ വിശ്വാസ്യതയുടെ പര്യായമായിരുന്നു. ഇപ്പോള്‍ എങ്ങനെ എന്നറിയില്ല. അബുദാബിയിലേക്ക് 'ഓഫീസ്‌ സെക്രട്ടറി' പോസ്റ്റിലേക്കുള്ള പരസ്യം കണ്ടപ്പോള്‍, അവര്‍ നിര്‍ദ്ദേശിച്ച യോഗ്യതകള്‍ ഉണ്ടെന്ന ഒരു ആത്‌മവിശ്വാസമാണ്‌ എന്നെ അവരുടെ മുന്നിലെ ക്യൂവിലെത്തിച്ചത്.

പ്രാഥമിക കൂടിക്കാഴ്ചക്കു ശേഷം അവര്‍ എന്നെ സെലക്റ്റ് ചെയ്തു. എന്നെ മാത്രമല്ല, ഗള്‍ഫ് എക്സ്‌പീരിയന്‍സുള്ള മൂന്നുപേരടക്കം 7 പേരെ സെലക്റ്റ് ചെയ്തു.

അതിനുശേഷം പിറ്റേദിവസം വിളിപ്പിച്ചു. ടൈപ്പിംഗ്‌ ടെസ്റ്റ് കഴിഞ്ഞു, ആപ്റ്റിറ്റ്യൂഡ്‌ ടെസ്റ്റ് കഴിഞ്ഞു. അടുത്ത ടെസ്റ്റ് ഇന്‍ഡിപ്പന്‍ഡന്റ്‌ കമ്യൂണിക്കേഷന്‍ സ്കില്‍ ആയിരുന്നു. അങ്ങനെ രണ്ടുദിവസം കൊണ്ട് എല്ലാ വിധ ടെസ്റ്റുകളും കഴിഞ്ഞു. യോഗി അസ്‌സോസിയേറ്റിന്റെ ഇന്‍ചാര്‍ജ് ഞങ്ങളുടെ റിസല്‍റ്റ്‌ അറിയിച്ചു. എങ്ങിനെയെന്ന്‌ ഇന്നുമറിയില്ല, ഗള്‍ഫില്‍ പ്രീവിയസ്‌ എക്‌സ്പീരിയന്‍സുള്ളവരെയൊക്കെ പിന്നിലാക്കി ഞാന്‍ ടോപ്‌ സ്‌കോററായി അവിടെ. (ആത്മപ്രശംസ എന്നു തെറ്റിദ്ധരിക്കരുതെന്നപേക്ഷിക്കുന്നു)

അന്തിമറൌണ്ടില്‍ ഞങ്ങള്‍ മൂന്നുപേര്‍ മാത്രമായി. അടുത്തത്‌ പിറ്റേദിവസം മുംബായിലെ സെന്‍റ്റോര്‍ ഹോട്ടലില്‍ താമസിക്കുന്ന സ്‌പോണ്‍സറുമായുള്ള കൂടിക്കാഴ്ചയായിരുന്നു. ചുവന്നു തുടുത്ത സുന്ദരനും, മദ്ധ്യവയസ്‌കനുമായ ഒരു അറബിയായിരുന്നു സ്‌പോണ്‍സര്‍. തികച്ചും മാന്യമായ പെരുമാറ്റം. എന്റെ സ്‌കോര്‍ ഷീറ്റു കണ്ടു എന്നെ വളരെയധികം പ്രശംസിച്ചു. അറബികള്‍ ഇത്ര മാന്യമായി ഇംഗ്ലീഷ്‌ സംസാരിക്കുമെന്നത്‌ എന്റെ പ്രതീക്ഷക്കു വിപരീതമായി തോന്നി. താമസിയാതെ കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാമെന്നു പറഞ്ഞ അറബിയോടെ വളരെയേറെ പ്രതീക്ഷയോടെ ഞാന്‍ യാത്ര പറഞ്ഞു പിരിഞ്ഞു.

അടുത്തദിവസം യോഗി അസ്‌സോസിയേറ്റിലെ ഇന്‍ചാര്‍ജ്ജ് ആയ നല്ല മനസ്സുള്ള മനുഷ്യന്‍ എന്നെ ഓഫീസിലേക്കു വിളിപ്പിച്ചു. ശുഭപ്രതീക്ഷ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബസ്‌ യാത്രക്കിടയില്‍ കണ്ട സ്വപ്നങ്ങള്‍ക്കു കടുത്ത നിറങ്ങളായിരുന്നു.

ഓഫീസിലെത്തിയ എന്നോട്‌ വളരെ സ്വകാര്യമായി സംസാരിക്കാന്‍ അയാളുടെ ഓഫീസിലേക്കു കൂട്ടിക്കൊണ്ടുപോയി. അദ്ദേഹത്തിന്റെ മുഖം വല്ലാതെ വിളറിയതുപോലെ തോന്നി. എന്തോ അസുഖകരമായ കാര്യമാണു പറയാന്‍ പോകുന്നതെന്നു എനിക്കു തോന്നി. വല്ലാത്ത ഒരു വ്യസനം ആ മനുഷ്യനെ ഗ്രഹിച്ചതായി എനിക്കു തോന്നി. അദ്ദേഹം പറഞ്ഞു.

‘നോക്കു മി. നായര്‍ ഇവിടെ നടത്തിയ പരീക്ഷകളില്‍ കൂടുതല്‍ മാര്‍ക്ക്‌ നേടിയത്‌ നിങ്ങളാണ്‌. ഈ ഒരു പോസ്റ്റിനു വേണ്ട എല്ലാ ക്വാളിഫിക്കേഷനും നിങ്ങള്‍ക്കുണ്ട്. പക്ഷേ സ്‌പോണ്‍സര്‍ വേറൊരാളെയാണ്‌ സെലക്റ്റ് ചെയ്തത്‌.'

വേദനയോടെ, എന്നെ സെലക്റ്റ് ചെയ്യാതിരിക്കാനുള്ള കാരണമെന്തായിരിക്കാം എന്നുള്ള എന്റെ ചോദ്യത്തിനു മുന്നില്‍ അദ്ദേഹത്തിന്റെ കണ്ണു നിറയുന്നതാണ്‌ ഞാന്‍ കണ്ടത്.

‘ഞാന്‍ പറയാന്‍ പോകുന്ന കാര്യത്തില്‍ നായര്‍ വേദനിക്കരുത്‌. ഇതല്ലെങ്കില്‍ നമുക്കു വേറെയൊന്നു നോക്കാം’

ഞാന്‍ അതിന്റെ കാരണം അറിയാനാഗ്രഹിക്കുന്നു എന്നും എന്റെ ഭാഗത്ത്‌ എന്തെങ്കിലും കുറവാണെങ്കില്‍ എനിക്കു അതു പരിഹരിക്കണമെന്നുമുള്ള എന്റെ അപേക്ഷക്കു മുന്നില്‍ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്‌.

‘നിങ്ങളുടെ ഭാഗത്തെ കുറവു തന്നെയാണ്‌ കുമാര്‍. നിങ്ങള്‍ക്കു പരിഹരിക്കാനാകാത്ത ഒരു കുറവ്‌. അവര്‍ ആഗ്രഹിക്കുന്ന ഒരു 'പ്ലീസിംഗ്‌ ഔട്ട്‌ലുക്ക്' നിങ്ങള്‍ക്കില്ല എന്ന കാരണത്താലാണ്‌ നിങ്ങളെ സെലക്റ്റ് ചെയ്യാതിരുന്നത്.’

ഇതു പറയുമ്പോഴേക്കും ആ മനുഷ്യന്‍ എന്റെ കൈകള്‍ അയാളുടെ കൈകള്‍ക്കുള്ളില്‍ കൂട്ടി ഞെരിക്കുന്നുണ്ടായിരുന്നു.

എന്തു പ്രതികരിക്കണമെന്നറിയാതെ, നില്‍ക്കുന്നിടം അങ്ങു താഴ്ന്നുപോയിരുന്നെങ്കില്‍ എന്നു ചിന്തിച്ച ഒരു നിമിഷം.എന്റെ കണ്ണുകള്‍ ഞാന്‍ പോലുമറിയാതെ കവിഞ്ഞൊഴുകിയിരുന്നു.

'ഞാന്‍ ശ്രമിച്ചാല്‍പോലും മാറ്റിയെടുക്കാവുന്ന ഒന്നല്ലല്ലോ സാര്‍ ഇതു...വിട്ടുകളഞ്ഞേക്കു'

ഇത്രയും പറഞ്ഞ്‌ ആ മനുഷ്യനോടു യാത്ര പറഞ്ഞിറങ്ങുമ്പോള്‍ എന്റെ നെഞ്ചകം ആരോ കുത്തിക്കേറിയപോലെ വേദനിക്കുകയായിരുന്നു. എന്റെ മുഖത്തോടും, ദാരിദ്ര്യത്തോടും പൈതൃകത്തോടും പുച്ഛം തോന്നിയ ദിവസം. ഗള്‍ഫ്‌ എന്ന ലോകം എന്റെ സ്വപ്നങ്ങളുടെ പരിധിക്കപ്പുറമാണെന്നു തീര്‍ച്ചയാക്കി. എനിക്കു എന്നെ തന്നെ നഷ്ടപ്പെടുത്തണമെന്നു തോന്നി.

ഓഫീസില്‍ മാന്യമായ ഒരു ജോലിക്ക്‌ എല്ലാ ക്വാളിഫിക്കേഷനേക്കാളും മുഖസൌന്ദര്യം അത്യാവശ്യമാണെന്ന ആ അറബിയുടെ സത്യനിരീക്ഷണത്തിനു എന്നെ പരാജയപ്പെടുത്താനായോ എന്നു ചോദിച്ചാല്‍ എനിക്കു ജയിക്കാനായിട്ടില്ല എന്നു മാത്രമേ മറുപടിയുള്ളൂ.

പുരുഷനും സൌന്ദര്യം വേണം.