Saturday, July 5, 2008

മകന്‍ പരീക്ഷക്കു തോല്ക്കാന്‍ പ്രാര്‍ത്ഥിച്ച ഒരമ്മയെക്കുറിച്ച്‌..

മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായി സംസ്ഥാനത്തെ 'വിലകൂടിയ' വിദ്യാഭ്യാസസ്‌ഥാപനങ്ങളുടെ പടികള്‍ കയറി ഇറങ്ങുന്ന അമ്മമാരുടേയും അച്ഛന്‍മാരുടേയും മുന്നില്‍ നില്‍ക്കവേ ഞാന്‍ വീണ്ടും എന്റെ അമ്മയിലേക്കു തിരിച്ചുപോകുന്നു. പിന്നോട്ടു പോകാന്‍ കഴിയുമായിരുന്നെങ്കില്‍ എല്ലാ മനുഷ്യനും തിരിച്ചുപോവുക അവരുടെ ബാല്യത്തിലേക്കും അമ്മയുടെ മടിയിലേക്കുമായിരിക്കും അല്ലേ? ഒരിക്കല്‍ പോലും തിരികെപോകാന്‍ മനസ്സിനെ നിര്‍ബന്ധിക്കുന്ന മധുരതരമായ ഓര്‍മകള്‍ ബാക്കിയില്ലാഞ്ഞിട്ടും ഞാനും അവിടേക്കുതന്നെ പോവുകയാണ്.

പത്താം ക്ലാസ്സിലെ പരീക്ഷ പാസ്സാകുക എന്നത്‌ ജീവിതത്തിന്റെ വലിയ ഒരു വഴിത്തിരിവായിരുന്ന കാലഘട്ടം. ഗ്രേഡോ, മോഡറേഷനോ, സര്‍ക്കാരിന്റെ അനുഗ്രഹമോ, വാശിയോ ഒന്നും നിലവിലില്ലാതിരുന്ന കാലത്തെ എസ്. എസ്. എല്‍. സി. പരീക്ഷയുടെ ഫലത്തിന്റെ സുഖം വരും തലമുറക്കിപ്പൊഴേ അന്യമായിരിക്കുന്നുവല്ലോ എന്നോര്‍ക്കുമ്പോള്‍, കഷ്ടതയുടെ അവസാനം കിട്ടുന്ന സുഖത്തിന്റെ അനുഭൂതി അറിയാന്‍ ഇവര്‍ക്കു സാധിക്കാതെ വരുന്നതിനെക്കുറിച്ചോര്‍ക്കാറുണ്ട്.

എല്ലാ കുട്ടികള്‍ക്കും പത്താം ക്ലാസ്സ് പരീക്ഷ പാസ്സാകുന്ന ദിവസം അവരുടെ ജീവിതത്തിന്റെ അത്യാഘോഷകരമായ ഒരു ദിവസമായിരിക്കും. സ്‌നേഹത്തിന്റേയും ഉപഹാരങ്ങളുടേയും ആശംസകളുടേയും ദിവസം. എന്റെ സഹപാഠികളെല്ലാം അവരുടെ വിജയസന്തോഷം മധുരമായി ആഘോഷിച്ച ആ ദിവസം ഞാന്‍ ഏങ്ങി ഏങ്ങി കരഞ്ഞാണു തീര്‍ത്തത്.

സ്കൂളില്‍ നിന്നും റിസള്‍റ്റ് അറിഞ്ഞുവരുമ്പോള്‍ വഴിക്കണ്ണുമായി മക്കളെ കാത്തുനിക്കുന്ന അമ്മമാരെ പല വീട്ടുപടികളിലും ഞാന്‍ കണ്ടു. അവര്‍ എല്ലാം എന്റെ റിസള്‍റ്റ് ചോദിച്ചുകൊണ്ടേയിരുന്നു. എന്റെ ഹൃദയം എന്റെ അമ്മയുടെ അരികിലേക്കു ഓടിക്കൊണ്ടിരുന്നതിനാല്‍ ഞാന്‍ അതൊന്നും കേട്ടിരുന്നില്ല.

മക്കള്‍ പരീക്ഷക്കു ജയിക്കുവാനായി എല്ലാ ക്ഷേത്രനടകളിലും സ്വാമിപാദങ്ങളിലും സാഷ്ടാംഗം വീഴുന്ന ഇന്നത്തെ മാതാപിതാക്കളേ, മകന്‍ പരീക്ഷയില്‍ ജയിക്കരുതേ എന്നു ഉള്ളുരുകി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ഒരമ്മയെക്കുറിച്ചു നിങ്ങള് ‍കേട്ടിട്ടുണ്ടോ? എങ്കില്‍ അങ്ങനെയൊരു അമ്മയുടെ മകനാണു ഞാന്‍.

അയലത്തുവീട്ടിലെ അടുക്കളവടക്കുപുറത്ത്‌ അവരുടെ പാത്രം തേച്ചുകൊണ്ടിരുന്ന അമ്മയുടെ അരികിലേക്കാണു ഞാന്‍ സ്കൂളില്‍ നിന്നും ഓടിയെത്തിയത്. ഫസ്റ്റ് ക്ലാസ്‌സോടെ ജയിച്ച വിവരം, ഓടിയെത്തിയ അണപ്പോടെ, അത്യധികം സന്തോഷത്തോടെ, ഞാന്‍ അമ്മയോടു പറഞ്ഞപ്പോള്‍ എന്നെ ഒന്നു തൊട്ടു തഴുകാതെ, ഒരുനോക്കു നോക്കാതെ, നിറകണ്ണുകളുമായി അയലത്തുവീട്ടിലെ അടുക്കളയിലേക്ക്‌ ഓടിക്കയറിയ എന്റെ അമ്മയെക്കുറിച്ചു ഞാന്‍ എന്തെഴുതാന്‍?

അമ്മയുടെ പിന്നാലേ അവരുടെ അടുക്കളയിലേക്കു ചെന്ന ഞാന്‍ അവിടുത്തെ ചേച്ചിയുടെ മുന്നില്‍ സങ്കടം പറയുന്ന അമ്മയെ മറഞ്ഞുനിന്നു കേള്‍ക്കുകയായിരുന്നു. ഓരോ തവണ ഞാന്‍ കൂടുതല്‍ മാര്‍ക്കോടെ പാസ്സാകുമ്പോഴും അമ്മ ഭയന്നിരുന്നത്‌ ഈ ഒരു ദിവസത്തെ ആയിരുന്നുവത്രേ. ഒരമ്മയും ചെയ്യാത്ത രീതിയില്‍ 'എന്റെ കുഞ്ഞു പരീക്ഷക്കു ജയിക്കാതിരിക്കണേ' എന്നു പോലും അമ്മ പ്രാര്‍ത്ഥിച്ചിരുന്നുവത്രേ. "ഫസ്റ്റ് ക്ലാസ്‌സോടെ പാസായ അവന്‍ കോളേജില്‍ ചേരണമെന്നു പറഞ്ഞാല്‍ ഞാന്‍ എന്തു ചെയ്യും" എന്നു പറഞ്ഞു ആ അടുക്കള തറയിലെ കരിയിലേക്കു എന്റെ അമ്മ തളര്‍ന്നിരിക്കുന്നിടത്തേക്കാണു ഞാന്‍ പതുക്കെ നടന്നു ചെന്നത്. അടുക്കളത്തറയില്‍ ഞാനും അമ്മയും കെട്ടിപ്പിടിച്ചു ഏറെക്കരഞ്ഞിരുന്നു.

എനിക്കു കോളേജില്‍ ചേരണമെന്ന ആഗ്രഹം വല്ലാതായ ഒരു രാത്രിയില്‍ ഞാന്‍ കരഞ്ഞുകൊണ്ടേയിരുന്നു. മകന്റെ സ്വതന്ത്ര്യത്തോടെ, ഞാന്‍ എന്റെ അമ്മയോട് കലഹിച്ചുകൊണ്ടിരുന്നു. ഇല്ലായ്മ അറിയാഞ്ഞല്ല, കേവലം 210 മാര്‍ക്ക് മാത്രം വാങ്ങി ജയിച്ച കുട്ടികള്‍ പോലും എന്റെ മുന്നിലൂടെ കോളേജിലെക്കു പോകുന്നതു കണ്ടപ്പോളുള്ള ഒരു ഫസ്റ്റ് ക്ലാസ്സുകാരന്റെ അപമാനമാണ്‌ , മുറിവേറ്റ ഹൃദയമാണ്‌ കരഞ്ഞുകൊണ്ടിരുന്നത്‌ എന്ന്‌ അമ്മ അറിഞ്ഞിരുന്നുവോ?

കോളേജില്‍ ചേരാന്‍, കൂടുതല്‍ പഠിക്കാന്‍ ഞാന്‍ ഒരുപാടാഗ്രഹിച്ചു. അതിനേക്കാളുമൊക്കെ, എന്റെ ക്ലാസ്സില്‍ പഠിക്കാന്‍ തീരെ മോശമായിരുന്ന കുട്ടികള്‍ പോലും ഗമയില്‍ ആര്‍ത്തുചിരിച്ചും കളിച്ചും കോളേജിലേക്കു പോകുമ്പോള്‍ അവരുടെ മുന്നില്‍ പെടുമ്പോഴുണ്ടായിരുന്ന വൈക്ലബ്യം ആ പ്രായത്തില്‍ അസഹനീയമായിരുന്നു. അറിയാതെയെങ്ങാനും അവരുടെ മുന്നിലെത്തപ്പെട്ടാല്‍ അതെന്റെ ദാരിദ്ര്യത്തിന്റെ ഒരു വിളിച്ചോതലായി തോന്നിയിരുന്നു അന്ന്‌.

ദാരിദ്ര്യം കുടിച്ചുവറ്റിച്ച എന്റെ അമ്മയുടെ കണ്ണുകള്‍ ദൈന്യതയോടെ എന്നെ നോക്കിയിരുന്നിരിക്കണം. ഞാന്‍ അത്യധികമായി വേദനിക്കുന്നുണ്ടെന്നു ബോധ്യം വന്ന ഒരു രാത്രിയില്‍ എന്റെ അമ്മ കൈവെള്ള മലര്‍ത്തിപ്പിടിച്ച്‌ എന്റെ മുന്നില്‍, ചാണകം മെഴുകിയ തിണ്ണയില്‍, എന്നോടൊപ്പമിരുന്നു. അമ്മയുടെ കൈകളില്‍ അമ്മയുടെ കാതില്‍ കിടന്നിരുന്നു അരപ്പവന്‍ തികച്ചില്ലാത്ത കല്ലുവെച്ച രണ്ടു കമ്മലുകളായിരുന്നു. അമ്മ അതെന്റെ കൈകളില്‍ തന്നിട്ടു പറഞ്ഞു. 'മോനെ കോളേജില്‍ വിടാന്‍ അമ്മക്കു ഒരു ഗതിയുമില്ല. അതിനെത്ര കാശാകുമെന്നു പോലും അമ്മക്കറിയില്ല. ഇതു കൊണ്ടു വിറ്റാല്‍ മോനു പുസ്തകം വാങ്ങാന്‍ തികയുമെങ്കില്‍ പുസ്തകം വാങ്ങി മോന്‍ കോളേജില്‍ ചേരു..." എന്നു പറഞ്ഞു അമ്മ ആ കല്ലുകമ്മലുകള്‍ എന്റെ കയ്യില്‍ വെച്ചു തന്നു.

കോളേജിന്റെ അഡ്മിഷനെക്കുറിച്ചോ, അതിന്റെ നടപടിക്രമങ്ങളെക്കുറിച്ചോ അമ്മക്കറിയില്ലല്ലോ..പുസ്തകം വാങ്ങാന്‍ കാശുണ്ടായാല്‍ കോളേജില്‍ ചേരാം എന്നു മാത്രമേ അമ്മക്കറിയുമായിരുന്നുള്ളൂ..എന്റെ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ട്, എന്റെ അമ്മയുടെ കാതുകളിലേക്കു ഞാന്‍ തന്നെ ആ കമ്മല്‍ തിരുകിയിട്ടു. എനിക്കു കോളേജില്‍ ചേരേണ്ട, എനിക്കു അങ്ങനെ ഒരാഗ്രഹമില്ല എന്നു അമ്മയെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ ആ രാത്രി മുഴുവന്‍ മതിയായിരുന്നില്ല.

'എന്നെങ്കിലും ഒരു ജോലി കിട്ടുകയാണെങ്കില്‍ എന്റെ മോന്‍ ഇന്നു മനസ്സില്‍ കുഴിച്ചിട്ട പഠിക്കാനുള്ള മോഹത്തെ പുറത്തു മാന്തിയെടുക്കണമെന്നും എങ്കിലേ ഈ അമ്മക്കു മനസ്സമാധാനമാകൂ' എന്നുമുള്ള ഒരു ഉറപ്പ്‌ അമ്മ അന്നു രാത്രിയില്‍ എന്നില്‍ നിന്നും വാങ്ങിയിരുന്നു.

പെറ്റമ്മയുടെ അനുഗ്രഹം കൂടെയുണ്ടെങ്കില്‍ നിങ്ങള്‍ക്ക്‌ ജീവിതവിജയത്തിന്റെ ഏതറ്റം വരെയും പോകാം. അതിനുള്ള ഊര്‍ജ്ജവും ഓജസ്സും നിങ്ങള്‍ക്ക്‌ എന്നുമുണ്ടാകും. ഇന്നു ഞാന്‍ ബിരുദധാരിയാണ്. ഒന്നല്ല, പലത്‌.
അതിനെല്ലാമുപരി, എന്റെ അമ്മ സ്വപ്നം പോലും കാണാതിരുന്ന മറ്റെന്തൊക്കെയോ ആണു ഞാന്‍ ഇന്ന്‌. പക്ഷേ എല്ലാ ദിവസവും ഒരിക്കല്‍ ഞാന്‍ എന്റെ അമ്മയുടെ മകനായി മാറും. മനസ്സിന്റെ ശാന്തി അവിടെയാണെന്നു ഞാന്‍ അറിയുന്നു.

അമ്മയുടെ മടിയിലേക്കു തിരിച്ചുപോകാനാഗ്രഹിക്കാത്ത ഏതു മക്കളാണുണ്ടാവുക? ആരെങ്കിലും ഇതു വായിക്കുന്നുവെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ അമ്മയെ ഒരു നിമിഷം സ്‌മരിക്കുക. അതിലൂടെ ഞാന്‍ കൃതാര്‍ത്ഥനാകട്ടെ.