Friday, May 2, 2008

ഓര്‍മ്മകള്‍ പെയ്യുന്നതിങ്ങനെ..

ഈ പ്രകൃതിയില്‍ ഞാന്‍ ഏറ്റവും സ്‌നേഹിക്കുന്നത്‌ മഴ ആണ്‌. മഴയുടെ സൌന്ദര്യത്തോളം പ്രകീര്‍ത്തിക്കപ്പെടേണ്ടതായി ലോകത്തു വേറെ ഒന്നുമില്ലാ എന്നു വിശ്വസിക്കുന്നു ഞാന്‍. ഇതെന്റെ മാത്രം വിശ്വാസമായിരിക്കാം. പാവപ്പെട്ടവന്റെ വീട്ടില്‍ ദുരിതങ്ങളുടേയും വിശപ്പിന്റേയും കാലമാണ്‌ മഴക്കാലം. സമ്പന്നര്‍ക്ക്‌ പ്രകൃതി സൃഷ്ടിക്കുന്ന അസൌകര്യമാണീ മഴ. അനസ്യൂതം തുടരുന്നുപോന്ന ജീവിതക്രിയകള്‍ക്ക്‌ ഭംഗുരം സൃഷ്ടിക്കുന്ന അനവസരത്തിലെ അതിഥിയാണ്‌ മഴ അവര്‍ക്ക്‌.

മഴക്കാലം എന്റെ ബാല്യത്തില്‍ ദുരിതങ്ങള്‍ മാത്രമായിരുന്നു. മഴയില്‍ കുടയും ചൂടി സ്‌കൂളില്‍ പോകാന്‍ എനിക്കു കൊതി ആയിരുന്നു. എനിക്ക്‌ ഒരിക്കലും ഒരു കുട ഇല്ലായിരുന്നു. ഒരു കുട വാങ്ങാന്‍ കാശില്ലായിരുന്നു ഇന്നു ഞാന്‍ എഴുതിയാല്‍ ഒരു തലമുറ എന്നെ പുച്ഛിച്ചേക്കാം. പക്ഷേ ഇതൊരു സത്യമാണ്‌. ഒരു തീപ്പെട്ടിക്കു കാശില്ലാത്തവര്‍ക്ക്‌ കുട ഒരു ലക്ഷ്വറി വസ്തുവല്ലേ?

വാഴയുടെ ഇല, വെട്ടുചേമ്പിന്റെ ഇല, പ്ലാസ്റ്റിക് കൂടുകള്‍ എന്നിവ മുറിച്ച്‌ തലക്കുമീതേ ഒരു കൈകൊണ്ടു പിടിച്ച്‌ ഒരു കൈകൊണ്ട് പുസ്തകങ്ങളും പിടിച്ച്‌ ഓടിയും നടന്നുമൊക്കെയായിരുന്നു സ്‌കൂളില്‍ പോയിരുന്നത്‌.

സ്‌കൂള്‍ വീടിനു കുറച്ചടുത്തായിരുന്നതുകൊണ്ട്‌ ചെറിയ ആശ്വാസമുണ്ടായിരുന്നു. നല്ല മഴയുള്ള സമയത്ത്‌ സ്‌കൂളില്‍ ബെല്ലടിക്കുന്ന നേരം വരെ മഴ തോരാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ട്‌ വീട്ടില്‍ തന്നെ നില്‍ക്കും. പിന്നെ നനഞ്ഞൊലിച്ച്‌ ഒരോട്ടമാണ്‌. വീടിനു മുന്നിലുള്ള ഇടറോഡിലൂടെ. ഗ്രാവല്‍ ഇടാത്ത, ടാര്‍ ഇടാത്ത മണ്‍പാത. മഴയത്ത്‌ മഴവെള്ളത്തിന്റെ ഉറവകള്‍ കുമിളകളായി മുകളിലേക്കു പൊന്തിവരുന്ന ചതുപ്പു മണ്ണുള്ള ഇടവഴി. നല്ല മഴ സമയത്ത്‌ വീടിന്റെ പടിഞ്ഞാറോട്ട്‌ ആരെങ്കിലും കുടയും ചൂടി പോകുന്നുണ്ടൊ എന്ന്‌ അമ്മ നോക്കും. ആരെങ്കിലുമുണ്ടെങ്കില്‍ എന്നെ സ്‌കൂളിന്റെ പടിവരെ ഒന്നെത്തിക്കാന്‍ അമ്മ അവരോട്‌ അപേക്ഷിക്കും.

സ്വന്തമായി വസ്തുവില്ലാത്ത ഞങ്ങള്‍ക്ക്‌ അന്യന്റെ വാഴയിലയോ വെട്ടുചേമ്പിന്റെ ഇലയോ എപ്പോഴും വെട്ടാന്‍ കഴിയില്ലല്ലോ. ചൂടാന്‍ ഒരു ഇല പോലുമില്ലാതെ വരുമ്പോള്‍ സ്വന്തം മുണ്ടിന്റെ മടിയുടെ കോന്തല കൊണ്ട്‌ എന്റെ തലയും ചൂടി, എന്റെ പുസ്തകം മടിക്കുത്തിലും തിരുകി സ്വയം മഴയില്‍ നനഞ്ഞ്‌ അമ്മ എന്നെ സ്‌കൂള്‍ പടിക്കല്‍ വരെ കൊണ്ടാക്കും. സ്വയം നനഞ്ഞൊലിക്കുമ്പോഴും മകനെ മുണ്ടിന്റെ കോന്തലക്കുള്ളില്‍ സൂക്ഷിച്ച മാതൃത്വത്തിന്റെ മമതയും, മാഹാത്മ്യവും ഏതു വരികളിലൂടെയാണ്‌ വിവരിച്ചെഴുതാനാവുക.

കുട ചൂടാനുള്ളതിനേക്കാളേറെ വലിയ ഒരു മോഹമായിരുന്നു ഒരു ചെരിപ്പു ധരിച്ചു സ്‌കൂളില്‍ പോകാന്‍. ഈ ആഗ്രഹം അറിയച്ചപ്പോഴൊക്കെ 'അതിനൊന്നും നമുക്കു കഴിവില്ല മോനേ' എന്നു വേദനയോടെ അമ്മ പറയുമ്പോള്‍ ആ ആഗ്രഹത്തെ ഞാന്‍ കുഴിച്ചുമൂടിയതല്ലാതെ എന്തുകൊണ്ട്‌ എന്നു അമ്മയോട്‌ ചോദിച്ചിട്ടില്ല. കാരണം വിശപ്പിനേക്കാള്‍ വലുതായിരുന്നില്ലാ ആ മോഹം എന്ന തിരിച്ചറിവു എനിക്കുണ്ടായിരുന്നു. അര്‍ഹതയില്ലാത്തതൊന്നും ആഗ്രഹിക്കരുതെന്ന അമ്മയുടെ ആദ്യപാഠം.

മഴക്കാലത്ത്‌ നനഞ്ഞ നിക്കറിട്ടു മാത്രമേ സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞിട്ടുള്ളൂ. കാരണം എനിക്കു ഒരു നിക്കര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നനച്ചിടുന്ന നിക്കര്‍ പിറ്റേന്ന് രാവിലത്തേക്ക്‌ ഉണങ്ങാറുണ്ടാവില്ല. പലപ്പോഴും തലേ ദിവസം രാത്രിയില്‍ കഞ്ഞിവെക്കുമ്പോള്‍ അടുപ്പിന്റെ മുകളിലുള്ള 'ഭരണത്ത്‌' ഉണങ്ങാന്‍ വെച്ചിരിക്കുന്ന തൊണ്ടിന്റേയും മടലിന്റേയും ഒപ്പം എന്റെ നിക്കര്‍ അടുപ്പിലെ പുകയുടെ ചൂടില്‍ അമ്മ ഉണക്കിയിരുന്നു. ചിലപ്പോള്‍ നിക്കര്‍ ചെറ്റപ്പുരയുടെ ചെറ്റയില്‍ ഉടക്കി നിര്‍ത്തി മുറം കൊണ്ടു വീശിയും അമ്മ ഉണക്കിയിരുന്നു.

അങ്ങനെ മകനെ സ്‌കൂളിലയച്ച അമ്മയുടെ ആര്‍ജ്ജവമാണ്‌ ഇന്ന്‌ ഇതെഴുതാന്‍ എന്നെ പ്രാപ്തനാക്കിയത്‌ എന്ന തിരിച്ചറിവില്‍ ഞാന്‍ എന്റെ അമ്മയുടെ കാലുകളില്‍ വീണ്‌ ഒന്നു നമസ്‌കരിച്ചോട്ടെ.

(ഉറച്ചു പെയ്യുന്ന മഴയില്‍ തൂവാനത്തുള്ളികളെ താലോലിച്ച്‌ അമ്മയുണ്ടാക്കിത്തരുന്ന മധുരമില്ലാത്ത കട്ടന്‍ചായ കുടിച്ച്‌ അച്ഛന്റെ പഴയ ചാരുകസാരയില്‍ ഒന്നു കിടക്കാന്‍ ഇനി ഒരു അവസരമുണ്ടാവില്ലായെന്നും, മഴയത്ത്‌ ആടിയുലയുന്ന മരങ്ങളെ നോക്കി അതിന്റെ ശിഖരങ്ങളിലൂടെ പുക പോലെ പെയ്തിറങ്ങുന്ന മഴയെ നോക്കി അമ്മയുടെ മടിയില്‍ കിടന്ന നാളുകളിലേക്ക്‌ എനിക്കൊരു മടക്കയാത്ര ഇല്ലായെന്നുമുള്ള തിരിച്ചറിവില്‍ ഇന്നു ഞാന്‍ എന്നെ തളച്ചിടുന്നു. കാലം നമ്മളെ എല്ലാവരേയും വലിച്ചുകോണ്ടുപോവുകയല്ലേ...)