Sunday, June 1, 2008

ഓഫീസു ജോലിക്കു പുരുഷനു സൌന്ദര്യം വേണോ?

എന്റെ അനുഭവമാണിത്. ഇതുപോലൊരു അനുഭവം നിങ്ങളിലാര്‍ക്കുമുണ്ടായിട്ടുണ്ടാവില്ലാ എന്നെനിക്കുറപ്പാണ്‌. കാരണം എന്നെപ്പോലെ നിങ്ങളാരും കാണാന്‍ സൌന്ദര്യം കുറഞ്ഞവരായിരിക്കില്ല എന്ന ഒരു ഉറപ്പ്.

ദരിദ്ര കുടുംബത്തില്‍ ജനിച്ചവനെങ്കിലും, വളരെയേറെ കഷ്ടകാണ്ഡത്തിലൂടെ നടന്നാണെങ്കിലും ഒരു സാധാരണ മലയാളിക്ക് ഉണ്ടാകുന്ന എല്ലാ വിദ്യാഭ്യാസയോഗ്യതയും എനിക്കുമുണ്ടായിരുന്നു. ഒരു മാസ്റ്റര്‍ ഡിഗ്രി, അത്യാവശ്യം കംപ്യൂട്ടര്‍ ജ്ഞാനം, ഹയര്‍ ലെവല്‍ ടൈപിംഗ്, ഷോര്‍ട്ട്‌ഹാന്‍ഡ്, പിന്നെ ബോംബേയിലെ കമ്പനികളില്‍ ജോലിചെയ്ത പരിചയവും. ഇതിന്റെ ബലത്തിലാണ്‌ ഗള്‍ഫില്‍ ഒരു ജോലി എന്ന സ്വപ്നത്തിന്റെ സാക്ഷാത്‌കാരത്തിനായി, എല്ലാ മലയാളികളേയും പോലെ ഞാനും മുംബായിലെ ട്രാവല്‍ ഏജന്‍സികളിലെ ക്യൂവില്‍ നില്‍ക്കാന്‍ തുടങ്ങിയത്‌.

മുംബായിലെ 'യോഗി അസ്‌സോസിയേറ്റ്' എന്ന ട്രാവല്‍ ഏജന്‍സി അക്കാലത്ത്‌ വിശ്വാസ്യതയുടെ പര്യായമായിരുന്നു. ഇപ്പോള്‍ എങ്ങനെ എന്നറിയില്ല. അബുദാബിയിലേക്ക് 'ഓഫീസ്‌ സെക്രട്ടറി' പോസ്റ്റിലേക്കുള്ള പരസ്യം കണ്ടപ്പോള്‍, അവര്‍ നിര്‍ദ്ദേശിച്ച യോഗ്യതകള്‍ ഉണ്ടെന്ന ഒരു ആത്‌മവിശ്വാസമാണ്‌ എന്നെ അവരുടെ മുന്നിലെ ക്യൂവിലെത്തിച്ചത്.

പ്രാഥമിക കൂടിക്കാഴ്ചക്കു ശേഷം അവര്‍ എന്നെ സെലക്റ്റ് ചെയ്തു. എന്നെ മാത്രമല്ല, ഗള്‍ഫ് എക്സ്‌പീരിയന്‍സുള്ള മൂന്നുപേരടക്കം 7 പേരെ സെലക്റ്റ് ചെയ്തു.

അതിനുശേഷം പിറ്റേദിവസം വിളിപ്പിച്ചു. ടൈപ്പിംഗ്‌ ടെസ്റ്റ് കഴിഞ്ഞു, ആപ്റ്റിറ്റ്യൂഡ്‌ ടെസ്റ്റ് കഴിഞ്ഞു. അടുത്ത ടെസ്റ്റ് ഇന്‍ഡിപ്പന്‍ഡന്റ്‌ കമ്യൂണിക്കേഷന്‍ സ്കില്‍ ആയിരുന്നു. അങ്ങനെ രണ്ടുദിവസം കൊണ്ട് എല്ലാ വിധ ടെസ്റ്റുകളും കഴിഞ്ഞു. യോഗി അസ്‌സോസിയേറ്റിന്റെ ഇന്‍ചാര്‍ജ് ഞങ്ങളുടെ റിസല്‍റ്റ്‌ അറിയിച്ചു. എങ്ങിനെയെന്ന്‌ ഇന്നുമറിയില്ല, ഗള്‍ഫില്‍ പ്രീവിയസ്‌ എക്‌സ്പീരിയന്‍സുള്ളവരെയൊക്കെ പിന്നിലാക്കി ഞാന്‍ ടോപ്‌ സ്‌കോററായി അവിടെ. (ആത്മപ്രശംസ എന്നു തെറ്റിദ്ധരിക്കരുതെന്നപേക്ഷിക്കുന്നു)

അന്തിമറൌണ്ടില്‍ ഞങ്ങള്‍ മൂന്നുപേര്‍ മാത്രമായി. അടുത്തത്‌ പിറ്റേദിവസം മുംബായിലെ സെന്‍റ്റോര്‍ ഹോട്ടലില്‍ താമസിക്കുന്ന സ്‌പോണ്‍സറുമായുള്ള കൂടിക്കാഴ്ചയായിരുന്നു. ചുവന്നു തുടുത്ത സുന്ദരനും, മദ്ധ്യവയസ്‌കനുമായ ഒരു അറബിയായിരുന്നു സ്‌പോണ്‍സര്‍. തികച്ചും മാന്യമായ പെരുമാറ്റം. എന്റെ സ്‌കോര്‍ ഷീറ്റു കണ്ടു എന്നെ വളരെയധികം പ്രശംസിച്ചു. അറബികള്‍ ഇത്ര മാന്യമായി ഇംഗ്ലീഷ്‌ സംസാരിക്കുമെന്നത്‌ എന്റെ പ്രതീക്ഷക്കു വിപരീതമായി തോന്നി. താമസിയാതെ കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാമെന്നു പറഞ്ഞ അറബിയോടെ വളരെയേറെ പ്രതീക്ഷയോടെ ഞാന്‍ യാത്ര പറഞ്ഞു പിരിഞ്ഞു.

അടുത്തദിവസം യോഗി അസ്‌സോസിയേറ്റിലെ ഇന്‍ചാര്‍ജ്ജ് ആയ നല്ല മനസ്സുള്ള മനുഷ്യന്‍ എന്നെ ഓഫീസിലേക്കു വിളിപ്പിച്ചു. ശുഭപ്രതീക്ഷ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബസ്‌ യാത്രക്കിടയില്‍ കണ്ട സ്വപ്നങ്ങള്‍ക്കു കടുത്ത നിറങ്ങളായിരുന്നു.

ഓഫീസിലെത്തിയ എന്നോട്‌ വളരെ സ്വകാര്യമായി സംസാരിക്കാന്‍ അയാളുടെ ഓഫീസിലേക്കു കൂട്ടിക്കൊണ്ടുപോയി. അദ്ദേഹത്തിന്റെ മുഖം വല്ലാതെ വിളറിയതുപോലെ തോന്നി. എന്തോ അസുഖകരമായ കാര്യമാണു പറയാന്‍ പോകുന്നതെന്നു എനിക്കു തോന്നി. വല്ലാത്ത ഒരു വ്യസനം ആ മനുഷ്യനെ ഗ്രഹിച്ചതായി എനിക്കു തോന്നി. അദ്ദേഹം പറഞ്ഞു.

‘നോക്കു മി. നായര്‍ ഇവിടെ നടത്തിയ പരീക്ഷകളില്‍ കൂടുതല്‍ മാര്‍ക്ക്‌ നേടിയത്‌ നിങ്ങളാണ്‌. ഈ ഒരു പോസ്റ്റിനു വേണ്ട എല്ലാ ക്വാളിഫിക്കേഷനും നിങ്ങള്‍ക്കുണ്ട്. പക്ഷേ സ്‌പോണ്‍സര്‍ വേറൊരാളെയാണ്‌ സെലക്റ്റ് ചെയ്തത്‌.'

വേദനയോടെ, എന്നെ സെലക്റ്റ് ചെയ്യാതിരിക്കാനുള്ള കാരണമെന്തായിരിക്കാം എന്നുള്ള എന്റെ ചോദ്യത്തിനു മുന്നില്‍ അദ്ദേഹത്തിന്റെ കണ്ണു നിറയുന്നതാണ്‌ ഞാന്‍ കണ്ടത്.

‘ഞാന്‍ പറയാന്‍ പോകുന്ന കാര്യത്തില്‍ നായര്‍ വേദനിക്കരുത്‌. ഇതല്ലെങ്കില്‍ നമുക്കു വേറെയൊന്നു നോക്കാം’

ഞാന്‍ അതിന്റെ കാരണം അറിയാനാഗ്രഹിക്കുന്നു എന്നും എന്റെ ഭാഗത്ത്‌ എന്തെങ്കിലും കുറവാണെങ്കില്‍ എനിക്കു അതു പരിഹരിക്കണമെന്നുമുള്ള എന്റെ അപേക്ഷക്കു മുന്നില്‍ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്‌.

‘നിങ്ങളുടെ ഭാഗത്തെ കുറവു തന്നെയാണ്‌ കുമാര്‍. നിങ്ങള്‍ക്കു പരിഹരിക്കാനാകാത്ത ഒരു കുറവ്‌. അവര്‍ ആഗ്രഹിക്കുന്ന ഒരു 'പ്ലീസിംഗ്‌ ഔട്ട്‌ലുക്ക്' നിങ്ങള്‍ക്കില്ല എന്ന കാരണത്താലാണ്‌ നിങ്ങളെ സെലക്റ്റ് ചെയ്യാതിരുന്നത്.’

ഇതു പറയുമ്പോഴേക്കും ആ മനുഷ്യന്‍ എന്റെ കൈകള്‍ അയാളുടെ കൈകള്‍ക്കുള്ളില്‍ കൂട്ടി ഞെരിക്കുന്നുണ്ടായിരുന്നു.

എന്തു പ്രതികരിക്കണമെന്നറിയാതെ, നില്‍ക്കുന്നിടം അങ്ങു താഴ്ന്നുപോയിരുന്നെങ്കില്‍ എന്നു ചിന്തിച്ച ഒരു നിമിഷം.എന്റെ കണ്ണുകള്‍ ഞാന്‍ പോലുമറിയാതെ കവിഞ്ഞൊഴുകിയിരുന്നു.

'ഞാന്‍ ശ്രമിച്ചാല്‍പോലും മാറ്റിയെടുക്കാവുന്ന ഒന്നല്ലല്ലോ സാര്‍ ഇതു...വിട്ടുകളഞ്ഞേക്കു'

ഇത്രയും പറഞ്ഞ്‌ ആ മനുഷ്യനോടു യാത്ര പറഞ്ഞിറങ്ങുമ്പോള്‍ എന്റെ നെഞ്ചകം ആരോ കുത്തിക്കേറിയപോലെ വേദനിക്കുകയായിരുന്നു. എന്റെ മുഖത്തോടും, ദാരിദ്ര്യത്തോടും പൈതൃകത്തോടും പുച്ഛം തോന്നിയ ദിവസം. ഗള്‍ഫ്‌ എന്ന ലോകം എന്റെ സ്വപ്നങ്ങളുടെ പരിധിക്കപ്പുറമാണെന്നു തീര്‍ച്ചയാക്കി. എനിക്കു എന്നെ തന്നെ നഷ്ടപ്പെടുത്തണമെന്നു തോന്നി.

ഓഫീസില്‍ മാന്യമായ ഒരു ജോലിക്ക്‌ എല്ലാ ക്വാളിഫിക്കേഷനേക്കാളും മുഖസൌന്ദര്യം അത്യാവശ്യമാണെന്ന ആ അറബിയുടെ സത്യനിരീക്ഷണത്തിനു എന്നെ പരാജയപ്പെടുത്താനായോ എന്നു ചോദിച്ചാല്‍ എനിക്കു ജയിക്കാനായിട്ടില്ല എന്നു മാത്രമേ മറുപടിയുള്ളൂ.

പുരുഷനും സൌന്ദര്യം വേണം.

34 comments:

പുനര്‍ജ്ജനി said...

ഓഫീസില്‍ മാന്യമായ ഒരു ജോലിക്ക്‌ എല്ലാ ക്വാളിഫിക്കേഷനേക്കാളും മുഖസൌന്ദര്യം അത്യാവശ്യമാണെന്ന ആ അറബിയുടെ സത്യനിരീക്ഷണത്തിനു എന്നെ പരാജയപ്പെടുത്താനായോ എന്നു ചോദിച്ചാല്‍ എനിക്കു ജയിക്കാനായിട്ടില്ല എന്നു മാത്രമേ മറുപടിയുള്ളൂ.

പുരുഷനും സൌന്ദര്യം വേണം.

പുനര്‍ജ്ജനി said...
This comment has been removed by the author.
പുനര്‍ജ്ജനി said...

എന്റെ അനുഭവമാണിത്. ഇതുപോലൊരു അനുഭവം നിങ്ങളിലാര്‍ക്കുമുണ്ടായിട്ടുണ്ടാവില്ലാ എന്നെനിക്കുറപ്പാണ്‌. കാരണം എന്നെപ്പോലെ നിങ്ങളാരും കാണാന്‍ സൌന്ദര്യം കുറഞ്ഞവരായിരിക്കില്ല എന്ന ഒരു ഉറപ്പ്.

ശ്രീ said...

ഓ... ഇതു വളരെ അമ്പരപ്പിയ്ക്കുന്ന അനുഭവം തന്നെ. ഇതിനു മുന്‍പ് ആരും ഇങ്ങനെ പറഞ്ഞു കേട്ടിട്ടില്ല. (ഒരു പക്ഷേ പുറത്തു പറയാനുള്ള വിഷമം കൊണ്ടായിരിയ്ക്കുമോ എന്ന് ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു സംശയം)

എന്തായാലും വളരെ ക്രൂരമായ ഒരു അനുഭവം തന്നെ. എങ്കിലും ഇതിനേക്കാള്‍ നല്ലതെന്തോ വരാനിരിയ്ക്കുന്നു എന്നു ആശ്വസിയ്ക്കാം. എല്ലാം നല്ലതിനു വേണ്ടി ആണെന്നാണല്ലോ ‘ഭഗവദ് ഗീത’ പറയുന്നത്.
ഏല്ലാ വിധ ആശംസകളും...

കനല്‍ said...

ലേഖകനെ വേദനിപ്പിച്ച അനുഭവം വായിച്ചപ്പോള്‍ ദു:ഖം തോന്നി. ദൈവം അങ്ങനെ എല്ലാവര്‍ക്കും കൊടുക്കാത്ത ചില അനുഗ്രഹങ്ങളുണ്ട്. ജന്മനാ അന്ധന്‍ , ബധിരന്‍ അംഗവൈകല്യമുള്ളവന്‍ അങ്ങനെ പലതും. അവരും മറ്റെല്ലാ വിധത്തിലും യോഗ്യരാണെങ്കിലും ചില ജോലികള്‍ നിഷേധിക്കപെടുന്നില്ലേ? അവരെ അപേക്ഷിച്ച് ഈ ലേഖകനോ അല്ലെങ്കില്‍ എനിക്കോ ദൈവം എന്തെല്ലാം അനുഗ്രഹങ്ങളാണ് അധികം തന്നിരിക്കുന്നത് എന്ന് ചിന്തിക്കുക.

തീര്‍ച്ചയായും തനിക്ക് അതിലും യോഗ്യമായ മറ്റൊരു അവസരം നേടാന്‍ കഴിയും. അതാണ് ദൈവം.

നൊമാദ്. said...

പോവാന്‍ പറ മാഷേ, പുല്ല്. ഒരു സൌന്ദര്യവുമില്ലാത്ത നമ്മളൊക്കെ ദേ പുലി പോലെ നടക്കുന്നു. ഇനി ഈ കാര്യവും പറഞ്ഞ് വിഷമിച്ചെങ്ങാനും പോസ്റ്റിട്ടാല്‍ അടി, അടി.

ഓഫ് : അറബിയുടെ കയ്യില്‍ നിന്ന് രക്ഷപെട്ടെന്ന് കൂട്ടിക്കോ, നല്ല പ്ലീസിങ്ങ് പേര്‍സണാലിറ്റി ഉണ്ടാരുന്നേല്‍ കിട്ടിയേനെ പണീ. അതോണ്ട് ബീ ഹാപ്പി

വിന്‍സ് said...

പ്ലീസിങ്ങ് ഔട്ട്ലുക്ക് ഇല്ല എന്നു പറഞ്ഞാ മുഖ സൌന്ദര്യം ഇല്ല എന്നാണോ മച്ചാന്‍സ് മീനിങ്ങ്??? എത്രയോ കിണ്ണന്‍ ചരക്കുകളെ ഞാന്‍ ഇന്റര്‍വ്യൂ നടത്തിയിരിക്കുന്നു. പക്ഷെ പ്ലീസിങ്ങ് ഔട്ട്ലുക്ക് ഇല്ലാത്തതിന്റെ പേരില്‍ അവരെ ഹയര്‍ ചെയ്തിട്ടില്ല.
മുഖ സൌന്ദ്യര്യം ഉണ്ടായിട്ടൊരു കാര്യവുമില്ല, അതോടൊപ്പം എല്ലാ ടെസ്റ്റും ഫസ്റ്റ് ക്ലാസില്‍ പാസ്സായിട്ടും യാതൊരു കാര്യവും ഇല്ല.

പേര്‍സണാലിറ്റി ഡെവലപ്പ് ചെയ്യാന്‍ ആയി പരിശ്രമിക്കുക. ഒരു പ്ലീസിങ്ങ് ഔട്ട്ലുക്ക് എന്നൊക്കെ പറഞ്ഞാല്‍ സ്മാര്‍ട്ട്നെസ്സിനോടൊപ്പം മറ്റുള്ളവര്‍ക്ക് ഇഷ്ടപെടുന്ന ഒരു പേര്‍സണാലിറ്റി ആണു മച്ചാന്‍സ്.

സൌന്ദര്യം ആണു ഗള്‍ഫില്‍ ജോലി കിട്ടാന്‍ ഉള്ള ചാന്‍സ് തരിക എങ്കില്‍ ഗള്‍ഫില്‍ നിന്നും ബ്ലോഗ് എഴുതുന്ന മിക്കവരുടെയും, അതു ആണിന്റെയും പെണ്ണിന്റെയും പ്രൊഫൈലിലെ ഫോട്ടോ നോക്കുക. തെറ്റിദ്ധാരണ മൊത്തം മാറി കിട്ടും.

പുനര്‍ജ്ജനി said...

വിന്‍സ്‌,
പ്ലീസിംഗ്‌ ഔട്ട്‌ലുക്ക്‌ എന്നാണു പറഞ്ഞത്..അറബി ഉദ്ദേശിച്ചത് രൂപഭംഗി തന്നെ ആയിരുന്നു... പ്ലീസിംഗ്‌ ഔട്ട്‌ലുക്കില്‍ നിന്നും പ്ലീസിംഗ് പേര്‍ഴസനാലിറ്റിക്കുള്ള വ്യത്യാസം ഞാനറിയുന്നു..അതുള്ളതുകൊണ്ടതുകൊണ്ടാണ്‌ ഇതെഴുതാന്‍ ഇന്നെനിക്കു അവസരമുണ്ടായതും. കാണാന്‍ അത്ര സുഖമില്ലാത്ത ഒരു സെക്രട്ടറി അതു ആണായാലും പെണ്ണായാലും അതുള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരുപാടുപേരുണ്ട്. അവരുടെ ഓഫീസിലെത്തുന്നവര്‍ക്ക്‌ ഒരു ബാഡ് ഇംപ്രഷന്‍ ഉണ്ടാകുമോ എന്ന ഭയമായിരിക്കാം...

Anonymous said...

അനോണി സൗകര്യത്തിനോട് ആദ്യമായി നന്ദി.....

എന്റെ ഓഫീസിലെ എസ്റ്റിമേറ്റിംഗ് സെക്ഷനിലേയ്ക്കുള്ള ലാസ്റ്റ് സെലക്ഷനില്‍ ഡിപ്ലോമ ഹോള്‍ഡറായ എന്റെ സുഹൃത്തിന്റെ സി വി യും ഉണ്ടായിരുന്നു,പക്ഷേ സെലക്ഷനും ശേഷം വന്ന രണ്ടു ഫിലിപ്പൈന്‍ പെണ്ണുങ്ങള്‍ക്കാണു വിസയ്ക്ക് അപേക്ഷിച്ചിരിക്കുന്നത്.അവരിപ്പോ നാട്ടില്‍ ഇതെന്തു പരിപാടിയ്ക്കാണു വിളിച്ചിരിക്കുന്നത് എന്ന് പഠിച്ചു കൊണ്ടിരിക്കുകയായിരിക്കും രണ്ടാഴ്ചയ്ക്കുള്ളില്‍ എത്തും.പക്ഷേ ജീഎമ്മിന് അവരു മതി എന്ന്.കിളീടെ വെശ്പ്പും മാറും കന്നിന്റെ കടീം മാറും എന്നൊരു ചൊല്ലുണ്ട് ഏതാണ്ടതു പോലെ

ബഷീര്‍ വെള്ളറക്കാട്‌ said...

ദു:ഖകരം..
വിന്‍സ്‌ പറഞ്ഞതിനോടു യോജിക്കുന്നു..

ഇതൊക്കെ ആപേക്ഷികമാണെന്ന് തോന്നുന്നു.

പുനര്‍ജ്ജനി said...

മുഖസൌന്ദര്യമില്ലാത്തതിന്റെ പേരില്‍ ഇതുപോലെ അവസരം നഷ്ടപെട്ട പെണ്‍കുട്ടികളുമുണ്ടാകാം. ഒരു പുരുഷനു മുഖസൌന്ദര്യം ഒരു അവശ്യഘടകമാണ്‌ എന്നു എനിക്കു തോന്നിപ്പിച്ച പല അവസരങ്ങളുമുണ്ടായിട്ടുണ്ട്. ഇംഗ്ലീഷിലെ കമ്യൂണിക്കേഷന്‍ ട്രബിള്‍ കാരണം എന്റെ പല മലയാളി സുഹൃത്തുക്കള്‍ക്കും ഒരു ഭാഷാസഹായിയായി ഞാന്‍ പലയിടത്തും പോയിട്ടുണ്ട്. പക്ഷേ കസ്റ്റമര്‍ എന്ന നിലയില്‍ അവര്‍ക്കു കിട്ടുന്ന ഒരു 'റിസീവിംഗ്‌ ലുക്ക്‌' ഞാന്‍ നോക്കിനിന്നിട്ടുണ്ട്. ഞാന്‍ പിന്നെ അവിടെ ഒരു അധികപറ്റായതുപോലെയും. ഒരു പക്ഷേ എന്റെ കോമ്പ്ലെക്സ് കൊണ്ടായിരിക്കാമെന്നു ഞാന്‍ ആശ്വസിക്കാറുണ്ട്. നിറം, ഒരു ഫസ്റ്റ് ഇംപ്രഷന്‍ ലുക്ക്, ഇതൊക്കെ പെട്ടെന്നു ശ്രദ്ധിക്കാന്‍ സൌകര്യമൊരുക്കുന്നു. ഒരാള്‍ക്ക് എന്തു കഴിവുണ്ടെന്നോ, എത്ര വിദ്യാഭ്യാസമുണ്ടെന്നോ, മനസ്സ്‌ എത്ര ശുദ്ധമെന്നോ ഒറ്റയടിക്കു ഒരാളിലേക്കു സംക്രമിപ്പിക്കാനാകില്ല..എന്നാല്‍ മുഖസൌന്ദര്യത്തിന്റെ ആകര്‍ഷണീയത പിന്നീടെവിടെ വെച്ചു കണ്ടാലും ഓര്‍ത്തിരിക്കാന്‍ പാകത്തില്‍ ഒരാളുടെ മനസ്സിലേക്കു ഒരു ഇമേജ് കടത്തിവിടും. മാത്രമല്ല ഇത്തരക്കര്‍ ഏതോ അരിസ്റ്റോക്രസിയുടെ (കുലീനത്വത്തിന്റെ, തറവാടിത്തത്തിറ്റെ) പ്രണേതാക്കാളാണെന്നും കറുത്ത, സൌന്ദര്യമില്ലാത്തവരൊക്കെ ഹീനമായ എതോ പരമ്പര ആണെന്നും ഇന്നും വിശ്വസിക്കുന്നവരുണ്ട്. കറുത്ത ഒരാളുടെ പേരിന്റെ അറ്റത്ത്‌ നായര്‍ എന്നു കണ്ടപ്പോള്‍'നിന്നെ കണ്ടിട്ട്‌ ഒരു നായര്‍ ലുക്കില്ലല്ലോടാ' എന്നു പറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്. മുഖസൌന്ദര്യം പൈതൃകത്തെ വരെ ശ്വാസം മുട്ടിക്കുന്നു.......ഇതു സത്യമല്ലേ..

സലാഹുദ്ദീന്‍ said...

പ്രിയ പുനര്‍ജ്ജനി

താങ്കളുടെ ഒരു മാന്‍സികാവസ്ത മനസ്സിലാക്കുന്നു

തറവാടി said...

ചില ജോലികള്‍ക്ക് കാര്യക്ഷമതയോടൊപ്പം മറ്റു ചിലതും നോക്കും ജോലിക്കെടുക്കുന്നവര്‍.

സെക്രട്ടറി / റിസപ്ഷന്‍ ഡസ്ക് അറ്റെന്റര്‍ മുതലായ കസ്റ്റമര്‍ ഡയറക്റ്റ് ബന്ധപ്പെട്ട ജോലികളില്‍ ആളുകളുടെ കാഴ്ചാ വ്യക്തിത്വവും ഒരടിസ്ഥാനം തന്നെയായാണ് കണക്കാക്ക പ്പെടുന്നത്.

അതുകൊണ്ട് തന്നെ ഇതും അവര്‍ നോക്കും പക്ഷെ ഒരു പൊതുവായ രീതിയില്‍ മാര്‍ക്കിടാനാവാത്തതാണ് ആളുകളില്‍ വിഷമമുണ്ടാക്കുന്നത് കാരണം അളവ് കോല്‍ കാണുന്നവന്‍‌റ്റെ കണ്ണ് മാത്രമാണെന്നത് തന്നെ!

അനുരാജ് said...

ദു:ഖകരം തന്നെ. പക്ഷെ എല്ലാവരും ഗള്‍ഫിലെക്ക് എന്തിനാണ്‌ പോകുന്നത്? എത് ബ്ലോഗാണ്‌ എന്നൊര്‍മ്മയില്ല. അതില്‍ ഗള്‍ഫിലെ മലയാളികളുടെ ചിത്രം കണ്ടിരുന്നു, വളരെ കഷ്ടം ആണ്‌. പിന്നെ ദൈവം നിങ്ങള്‍ക്കയി കുറെക്കൂടി നല്ലത് വച്ചിട്ടിണ്ട് എന്ന് വിചാരിക്കു.

സാധാരണക്കാരന്‍ said...

I love me, I love everything about me
I love my legs, my eyes, my lips and my ears
I think it is important
for every one to love themselves.
-Serena Williams

മാഷേ, ഈ ക്വോട്ട്‌ കേട്ടിട്ടില്ലേ....
ഇതിലൊന്നും വലിയ കാര്യമില്ല..
മുഖസൌന്ദര്യം ശാശ്വതമാണോ...ആണിലും പെണ്ണിലും...
ഇനി ഇങ്ങനെയൊന്നും പറയല്ലേ...

ശ്രീവല്ലഭന്‍. said...

പോകാന്‍ പറ മാഷേ. ശ്രമിച്ചാല്‍ നടക്കാത്ത ഒന്നും ഇല്ല! പിന്നെ ഇതൊക്കെ ഒരു ചാന്‍സ് എന്നും കൂടി പറയാം. ഒരു പക്ഷെ അതിലും നല്ല ജോലി ആയിരിക്കും താങ്കളെ തേടി വരിക. Keep on trying. All the best.

ആ ഒരു ഒറ്റ സംഭവം കൊണ്ട് ആത്മ വിശ്വാസം നഷ്ടപ്പെടാതെ സൂക്ഷിക്കുക. ഇംഗ്ലിഷ് കാര്യമായ്‌ പറയാന്‍ അറിയില്ല എന്ന കാരണം കൊണ്ട് (ഇരുപത് കൊല്ലങ്ങള്‍ക്കു മുന്‍പ്) കേരളത്തിലെ ഗ്രാമപ്രദേശത്തെ ഒരു സംഘടനയില്‍ ജോലി നിഷേധിച്ചത് ഓര്‍മ്മ വരുന്നു!

അരുണ്‍കുമാര്‍ | Arunkumar said...

നോമാദും മറ്റുപലരും പറഞ്ഞ പോലെ ...പോവാന്‍ പറ മാഷേ...
സൌന്ദര്യം കണ്ടു കാര്യം നടക്കുന്ന ഇടങ്ങള്‍ വളരെ കുറച്ചു മാത്രം.... പിന്നെ ഇതൊന്നും ശ്വാശ്വതമാല്ലല്ലോ. only a പുലി can survive in a long run... so chill

::സിയ↔Ziya said...

വിന്‍സ് പറഞ്ഞതാണ്‌ കാര്യം. പ്ലീസിംഗ് ഔട്ട് ലുക്ക് എന്നച്ചാ കേവലം ബാഹ്യസൌന്ദര്യം മാത്രമല്ല.

പെരുമാറ്റവും വ്യക്തിത്വവുമാണ് യഥാര്‍ത്ഥ സൌന്ദര്യം. ആകര്‍ഷകമായി പെരുമാറാനും നല്ല പേഴ്‌സണല്‍ ഔട്ട് ലുക്ക് ഉണ്ടാക്കാനും ശ്രമിക്കണമെന്നേ ഉള്ളൂ.

മുഖ സൌന്ദര്യം സിനിമയിലും മോഡലിംഗിലും അത്യാവശ്യമായിരിക്കും. ഒരു സെക്രട്ടറിപ്പണിക്ക് അത് അത്യന്താപേക്ഷിതമാണ് എന്നു തോന്നുന്നില്ല.

ഇത് ഒരു ദുഃഖകരമായ അനുഭവമാണ് എന്ന തോന്നല്‍ തന്നെ മാറ്റണം. സൌന്ദര്യക്കുറവ് അയോഗ്യതയായി കണക്കാക്കപ്പെടുന്ന മേഖലയില്‍ നിന്ന് മാറി അറിവും കഴിവും മാനദണ്ഡമാക്കുന്ന മേഖലകളില്‍ വിജയം വരിക്കുക എന്നതേ ചെയ്യാനുള്ളൂ. വര്‍ണ്ണ വെറി ഇപ്പൊഴുമുണ്ടെന്നത് സത്യമാണ്. മാനസിക നിലവാരം
ഉയരുന്നതിനനുസരിച്ച് ഇത്തരം കാഴ്‌ച്ചപ്പാടുകളില്‍ മാറ്റമുണ്ടാകും.
ശ്രീനിവാസന്‍ എത്ര സിനിമകളില്‍ നായകനായിരിക്കുന്നു. തമിഴില്‍ വിജയ കാന്ത്.
എന്റെ നോട്ടത്തില്‍ ആ ധനുഷിന് ഒരു സൌന്ദര്യോമില്ല :) അപ്പോ ഇഅതൊക്കെയും ആപേക്ഷികമാണെന്ന് കാണാം.

ettukannan | എട്ടുകണ്ണന്‍ said...

ശരിയാണ്. സൌന്ദര്യം പല കമ്പനി ജോലികളിലും ഒരു പ്രധാന ഘടകമാണ്... പക്ഷെ, ഇയാള്‍ ഇത്രയും ഉള്ളിലേറ്റേണ്ട കാര്യമൊന്നുമില്ല മാഷെ..
ഏതു സൌന്ദര്യവും ഒരു സ്റ്റൌ പൊട്ടിത്തെറിയിലോ അതുപോലുള്ള ഏതെങ്കിലും അപകടത്തിലോ നഷ്ടപ്പെടാവുന്നതേ ഉള്ളൂ... പക്ഷെ, മുഖ സൌന്ദര്യമുണ്ടായിട്ടും പല്ലുതേക്കാതെ വൃത്തിയായി വസ്ത്രം ധരിയ്ക്കാതെ അഴുക്കുനിറഞ്ഞ ഷൂ ധരിച്ച് ഒക്കെ ഇന്റര്‍വ്യൂവിനു പോയാല്‍ ചിലപ്പോള്‍ ചാന്‍സു പോയെന്നു വരാം.. :) ജനങളൊക്കെ പലവിധമല്ലെ മാഷെ, സിയ പറഞ്ഞതും കാര്യമല്ലെ.. ഇതൊക്കെ മൈന്റു ചെയ്യാതെ അവനവന്റെ ഉള്ളില്‍ വിശ്വാസമര്‍പ്പിയ്ക്കൂ...എല്ലാം നേരെയാവും! :)

( നിങ്ങളുടെ ആ കണ്‍സള്‍ട്ടന്റ് ആ റീസണ്‍ പറയാതിരിയ്ക്കാമായിരുന്നു എന്നു തോന്നി!)

മുസാഫിര്‍ said...

കസ്റ്റമറുമായി നേരിട്ടു ഇടപെടുന്ന ചില ജോലികള്‍ക്ക് ചിലര്‍ സൌന്ദര്യമുള്ള പുരുഷന്മാരെ തിരഞ്ഞെടുക്കുന്നത് കണ്ടിട്ടുണ്ട്.പക്ഷെ ആത്മവിശ്വാസവും നല്ല പെരുമാറ്റം കൊണ്ടും പല അത്ര ‘ലുക്ക്’ ഇല്ലാത്തവരും ഇതിനെ മറികടക്കുന്നതും കണ്ടിട്ടുണ്ട്.പുരുഷന്റെ സൌന്ദര്യം പെരുമാറ്റത്തിലും ആത്മധൈര്യത്തിലുമാ‍ണ് കാണിക്കേണ്ടത്.അങ്ങിനെ വിചാരിച്ചു മുന്നേറുക.ഒരു ഓഫീസില്‍ എനിക്കു പരിചയമുള്ള ഒരു മാനേജര്‍ അവിടെ തന്നെക്കാളും കാണാന്‍ മോശമായവരെയൂ വക്കുകയുള്ളൂ എന്ന് അവിടത്തെ ഒരു ലേഡി സ്റ്റാഫ് എന്നോട് പറഞ്ഞിട്ടുണ്ട്.

Suvi Nadakuzhackal said...

ആ അറബിയ്ക്ക് താങ്കളുടെ ഇടപെടല്‍ ആസ്വാദ്യകരം ആയി തോന്നിയില്ലയിരിക്കും. മുഖ സൌന്ദര്യം ആണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് തോന്നുന്നില്ല. മുഖത്ത് എന്ത് മാത്രം ചിരിയും മറ്റും ഉണ്ടായിരുന്നു എന്നുല്ലതയിരിക്കണം അങ്ങേര്‍ ഉദ്ദേശിച്ചത്.

ഗുരുജി said...

പുനര്‍ജ്ജനി,
എന്തു പറയണമെന്നറിയില്ല. പുറത്തു നിന്നു പറയുമ്പോള്‍ ഒരു പക്ഷേ താങ്കള്‍ അനുഭവിച്ച മനോവേദനയുടെ ആഴം എത്രയെന്നു പറയാന്‍ കഴിയില്ല ..അതറിയാം. പക്ഷേ മുഖസൌന്ദര്യം വ്യക്തിത്വത്തിന്റെ കാതലാണോ? ആന്തരികമായ അഴകാണ്‌ ശാശ്വതം. ഇതൊക്കെ പറയുമ്പോള്‍ പറയാമെന്നല്ലാതെ പ്രാവര്‍ത്തികതയില്‍ വരാറില്ല. നമ്മള്‍ ഒരു പച്ചക്കറിക്കടയില്‍ ചെന്നാല്‍ നല്ലതല്ലേ തിരഞ്ഞെടുക്കൂ. അതു കാശുകൊടുത്തു വാങ്ങുന്നവന്റെ ധാര്‍മ്മികതയായി കരുതപ്പെടുന്നു..ജോലിക്കു തിരഞ്ഞെടുക്കുന്നവന്റെ ധാര്‍മ്മികതയാണ്‌ അയാളുടെ ഇഷ്ടത്തിനുള്ളതെടുക്കുക എന്നത്...അവിടെ ഉപേക്ഷിക്കപ്പെടുന്നവയുടെ മനോനില ആരും നോക്കാറില്ല. പക്ഷേ കഴിവുകള്‍ മാത്രം നോക്കി നിങ്ങളെ തേടിവരുന്നവരുണ്ട്. ചില പ്രത്യേക ഐറ്റംസ്‌ തേടി നമ്മള്‍ കടകള്‍ തോറും കയറി ഇറങ്ങാറില്ലേ...അതുപോലെ നിങ്ങളെ തേടിയെത്തുന്ന രീതിയില്‍ വ്യക്തിത്വത്തെ വികസിപ്പിക്കുക. നിങ്ങളെ തേടിവരുന്നവരെ കാണാം. സ്‌നേഹം, സമീപനം, പ്രതിഭലേച്ഛ ഇല്ലാതെ അന്യര്‍ക്കു സഹായം ചെയ്യാനുള്ള താത്പര്യം, അറിവു പകര്‍ന്നുകൊടുക്കാനുള്ള സന്‍മനസ്സ്‌ ഇതൊക്കെ ഉണ്ടെങ്കില്‍ സൌന്ദര്യത്തെ മറികടന്ന്‌ നിങ്ങളെ സ്വന്തമാക്കുന്നവരെ കാണാം.
ഒരു കിനാവില്‍ രാത്രി ഒതുങ്ങുന്നില്ല....
സമരബുദ്ധിയോടെ വളരൂ....ചിന്തിക്കൂ..
സംഭവിച്ചതെല്ലാം നല്ലതിനെന്നു ഇപ്പോള്‍ തോന്നുന്നുമുണ്ടാവില്ലേ........
മനസ്സില്‍ നന്‍മകള്‍ മാത്രം വിളയട്ടെ.........ഇനിയും എഴുതൂ..

നന്ദകുമാര്‍ said...

പുനര്‍ജ്ജനി പറഞ്ഞ അനുഭവം ശരിയാണെന്നു വിശ്വസിക്കുന്നു. എന്നാലും..
ആണിനെന്തിനാടൊ മുഖസൌന്ദര്യം? ഷോകേസില്‍ വെക്കാനോ? അവന്റെ പ്രവൃത്തിയല്ലേ അവന്റെ സൌന്ദര്യം? സച്ചിന്‍ ടെണ്ടുല്‍ക്കറെയും, ഓം പുരിയേയും ഒക്കെ ഇഷ്ടപ്പെടുന്നതും ആരാധിക്കുന്നതും അവരുടെ സൌന്ദര്യം നോക്കിയാണോ?
സൌന്ദര്യം ആപേക്ഷികമല്ലേ? അതു കാര്യമാക്കണ്ട.

നമ്മുടെ കഴിവുകള്‍ കൊണ്ടും പ്രവൃത്തികൊണ്ടും പെരുമാറ്റം കൊണ്ടും ആത്മവിശ്വാസം കൊണ്ടുമൊക്കെ ഇതിനെയൊക്കെ മറികടക്കം. എന്റെ ജീവിതം തന്നെ എനിക്ക് ഉദാഹരണം.

മുകളിലുള്ള കമന്റുകള്‍ മാത്രം വായിച്ചാല്‍ മതി പുനര്‍ജ്ജനി, നിങ്ങള്‍ക്ക് ആത്മവിശ്വാസം ലഭിക്കാന്‍. എത്ര സുമനസ്സുകളാണ് നിങ്ങള്‍ക്ക് പിന്തുണ തന്നിരിക്കുന്നത്?! ഈയൊരു പരാജയം നിങ്ങള്‍ക്കു കൂടുതല്‍ കരുത്തേകട്ടെ..കൂടുതല്‍ കൂടുതല്‍ ആത്മവിശ്വാസം പകരട്ടെ...

കാട്ടുപൂച്ച said...

മലയാളം ചാനലുകാ൪ പോലും കാർവർണ്ണനെ സ്വർണ്ണവർണ്ണനാക്കുന്ന കാലമാ
അപ്പോൾ അറബിയെ കുറ്റം പറയാനൊക്കുമോ

Suvi Nadakuzhackal said...

കാട്ടുപൂച്ച പറഞ്ഞ കാര്‍വര്‍ണന്റെ നിറം ഞാനും ശ്രദ്ധിച്ചിട്ടുണ്ട്. മലയാളിക്ക്‌ തന്റെ നിറത്തോടുള്ള അപകര്‍ഷതാബോധം ആവണം ഇതിന്റെ പിന്നില്‍. പിന്നെ സായിപ്പിന്റെ നിറത്തോടുള്ള വിധേയത്വവും!!

ഞാന് said...

ഞാന് സാമാന്യം സൗന്ദര്യം ഉള്ള ആള് തന്നെ ആണ്. പക്ഷെ നിങ്ങള്ക്ക് ഉണ്ടായതിനേക്കാള് മോശമായ (results) അനുഭവങ്ങള് എനിക്കുണ്ടായിട്ടുണ്ട്. ഞാന് ഒരു നല്ല communicator അല്ലായിരുന്നു. പഞ്ചാര ചേര്ത്തു സംസാരിക്കാനും അറിയില്ല. ഞാന് അത് മനസിലാക്കി, എന്റെ cattegory change ചെയ്തു. ആരോടൂം ചിരിക്കണ്ട, ആരോടും സംസാരിക്കണ്ട, കമ്പ്യൂട്ടറിന് മുമ്പില് ഇരിക്കും. അതിന് എന്നെ ഇഷ്ട്ടമാണ് എനിക്ക് അതിനെയും. അവന്മാരല്ല നമ്മുടെ ഭാവി നിച്ചയിക്കുന്നത്. നാം അത് കണ്ടെത്തുകയാണ്. Do you know WillSmith, കറുത്ത aafrican look, ഞാന് അവനെ വളരെ ഇഷ്ട്ടപെടുന്നു. എത്രയോ കറുത്ത് സൗന്ദര്യം കുറഞ്ഞ സെക്രടറി മാരെ ഞാന് കണ്ടിട്ടുണ്ട്. അവരുടെ പ്രത്യേകതയാണ് നമ്മെ ആകര്ഷിക്കുന്നത്.
നമ്മുടെ മനസ്സില് ഇങ്ങനെ ഉള്ള negetive ചിന്തകള് കിടന്നാല് അത് ഇനിയുള്ള സന്നര്ഭങ്ങളിലും പ്രശ്നങ്ങള് ഉണ്ടാക്കും. അതുകൊണ്ട് എടുതുകളയൂ എല്ലാ negetives-ഉം.

വിചാരം said...

123

വിചാരം said...

പുനര്‍ജനി
വായിച്ചു
എനിക്ക് താങ്കളോട് രോഷമാണ് തോന്നുന്നത് അല്ലാതെ ഒട്ടും സഹതാപമല്ല.ജീവിച്ച് കാണിച്ച് കൊട് മാഷേ.. ആ അറബി ആരാണന്ന് ഒന്ന് മനസ്സിലാക്കി വെയ് . അവനേയും അവന്റെ അപ്പൂപ്പനേയും തന്റെ മുന്‍പില്‍ വരുത്താം ഓച്ഛാനിപ്പിച്ച് നിറുത്താം അതിനുള്ള കഴിവ് നിന്നിലുണ്ട്. എത്ര സുന്ദരമായ കമന്റുകളാണിവിടെ ഇതാണ് ഞാന്‍ ആഗ്രഹിയ്ക്കുന്ന ബൂലോകം മനസ്സിന്റെ ഉള്ളില്‍ സ്നേഹം മാത്രം ഉള്ള ഒത്തിരി നല്ല കമന്റുകള്‍ വാ ഹരേ... വാ .
ഇവിടെ വന്ന് ഇത്രയും നല്ല കമന്റുകള്‍ പാസ്സാക്കിയ എല്ലാവര്‍ക്കും എന്റെ വകയും ഒരു കൈ :)

വിചാരം said...

പണ്ട് അച്ചായന്റെ ചാരു കസേര എന്ന ബ്ലോഗിലിട്ടൊരു കമന്റ് ...

വായിച്ചു നന്നായിരിക്കുന്നു.... നൂറ്റി ഇരുപ്പത്തിയെട്ട്‌ ഇണ്റ്റര്‍വ്യുനു പങ്കെടുത്തു എന്നു പറഞ്ഞാല്‍ അതൊരു റിക്കോര്‍ഡ്‌ ആണല്ലോ, എണ്റ്റെ ജീവിതത്തില്‍ ആകെ രണ്ട്‌ ഇണ്റ്റര്‍വ്യൂനെ പങ്കെടുത്തിട്ടോളൂ , ഇന്ത്യയില്‍ വെച്ച്‌ പങ്കെടുക്കാനുമാത്രം പഠിക്കാനുള്ള ഭാഗ്യം ഉണ്ടായില്ല... പണ്ടെങ്ങാണ്ടോന്ന് പൈക്കോ ക്ളാസിക്‌ മലയാളവും ഇൊഗ്ളീഷും ഒരേ കഥാപുസ്തകം (ഒളിവര്‍ ട്വിസ്റ്റ്‌, മാക്ബത്ത്‌ തുടങ്ങിയ..,)വാങ്ങി ഇംഗ്ളീഷിണ്റ്റെ ബാലപാഠം പഠിച്ചതും വെച്ചാണു കുവൈറ്റിലേക്ക്‌ വിമാനം കയറിയത്‌... അക്കാഡമിക്‌ സര്‍ട്ടിഫിക്കറ്റ്‌ ഇല്ലാത്തത്‌ കൊണ്ട്‌ ആദ്യത്തെ ജോലി അറബിയുടെ വീട്ടില്‍ ... തൂപ്പുക്കാരനായി ആദ്യത്തെ രണ്ടുമാസത്തിനുള്ളില്‍ തെറി പറയാന്‍ പഠിച്ചു പിന്നെ അറബിയില്‍ അറബിയെ എങ്ങനെ ചീത്ത പറയാം എന്നും പഠിച്ചും ഒരു വര്‍ഷംക്കൊണ്ട്‌ അവര്‍ക്ക്‌ ഞാനൊരു ശല്ല്യക്കാരനാക്കി തീര്‍ത്തു, മണ്ടനായ അറബിക്കുണ്ടോ അറിയുന്നു ഇവനു പുറത്തു കടക്കാനുള്ള അടവാണു ഇതെന്ന്, ഒരു വര്‍ഷത്തെ അറബി അഭ്യാസത്തിനു ശേഷം .... വീട്ടില്‍ നിന്ന് പുറത്തിറങ്ങി... കോളേജ്‌ വിദ്യാഭ്യാസം ഇല്ലാത്തത്‌ കൊണ്ട്‌ ദിവാസ്വപ്നത്തെ പോലെ ഇണ്റ്റര്‍വ്യൂ എന്ന സാഹസത്തിനൊന്നും മുതിര്‍ന്നില്ല... ഹോട്ടലിലെ എച്ചിലില എടുക്കാന്‍ യൂണിവേഴ്‌സിറ്റി കയറേണ്ടല്ലോ ...അങ്ങനെ ഒന്‍പത്‌ വര്‍ഷക്കാലം കുവൈറ്റില്‍ കിടന്നും ഇരുന്നും സമയം കളഞ്ഞു.. ആയിടക്കാണു ഒരു പത്ര പരസ്യം കണ്ടത്‌ ഇംഗ്ളീഷ്‌ സ്ക്കൂളുകളിലേക്ക്‌ പുസ്തകം വില്‍ക്കാന്‍ ഒരു സയില്‍മാനെ വേണം .. വിദ്യാഭ്യാസ യോഗ്യത ഇംഗ്ളീഷ്‌ സംസരിക്കാന്‍ അറിയണം .. പൈക്കോ പ്രസാദ്ധീകരണക്കാരെ മനസ്സില്‍ ധ്യാനിച്ച്‌കൊണ്ട്‌ അപേക്ഷ മെയില്‍ ചെയ്തു ... ആദ്യം ഫോണ്‍ ഇണ്റ്റര്‍വ്യൂ... എങ്ങനെയൊക്കെയൊ എന്തലാമോ പറഞ്ഞൊപ്പിച്ചു..പത്ത്‌ മിനുറ്റ്‌ ഫോണ്‍ ഇണ്റ്റര്‍വ്യൂവില്‍ അവര്‍ കരുതിക്കാണും കുഴപ്പമില്ല ആളു സുന്ദരകുട്ടപ്പാനായിരിക്കും ( അപേക്ഷയുടെ കൂടെ എണ്റ്റെയൊരു ഫോട്ടോയും അയച്ചിട്ടുണ്ടായിരുന്നു... കണ്ണടവെച്ച്‌ പൌഡറിട്ട്‌ ഒന്ന് വെളുപ്പിച്ചൊരു ഫോട്ടോ) അങ്ങനെ ജീവിതത്തിലാദ്യമയി ഒരു ഇണ്റ്റര്‍വ്യൂവിനു, എണ്റ്റെ കോലം കണ്ടയുടനെ അവര്‍ തീരുമാനിച്ച്‌ കാണും ജീവിതത്തിലൊരിക്കലും ഇനിയിവന്‍ ഒരു ഇണ്റ്റര്‍വ്യൂവിനും പോകരുത്‌ ... ഒരു മണിക്കൂറും പത്ത്‌ മിനുറ്റും നാലാളുടെ(നാലു ഇന്ത്യന്‍ സായിപ്പുമ്മാര്‍) മുന്‍പില്‍ ഒരു കോമാളിയായി അങ്ങനെ ജോലികിട്ടാതെ അവിടെ നിന്നിറങ്ങുമ്പോള്‍ ഈ പരിപാടി നമ്മുക്ക്‌ ചേര്‍ന്നതല്ല അര്‍ഹിക്കുന്നതേ ആഗ്രഹിക്കാവൂ .. അന്ന് തൊട്ട്‌ ഒരാഗ്രഹം മനസ്സില്‍ കൊണ്ടു നടക്കുന്നു ഇന്ത്യയുടെ പ്രധാനമന്ത്രിയാവാന്‍ എന്നിട്ട്‌ വേണം ആദ്യമായി ഒന്നു ഡല്‍ഹിക്ക്‌ പോകാന്‍......Saturday, September 02, 2006 6:31:00 AM2003 മുതല്‍ ഞാന്‍ അമേരിക്കന്‍ കമ്പനിയിലെ പല ഡിപ്പാര്‍ട്ടുമെന്റുകളിലായി ഡോക്യുമെന്റ് സ്പെഷലിസ്റ്റായി ജോലി ചെയ്യുന്നു. എന്റെ കൈമുതല്‍ ഒന്നേ ഒള്ളൂ ആത്മവിശ്വാസം, എതൊരു കുഴങ്ങിയ പ്രശ്നവും അതറിയാതെ എന്നെ വിളിയ്ക്കുന്ന ബോസിന്റെ മുന്‍പില്‍ അതെനിക്കറിയില്ലാന്നുള്ള ഭാവം കാണിക്കാതെ കൈകാര്യം ചെയ്യും .. ബോസ് എന്നെയൊന്ന് പൊക്കും “ യു ആര്‍ ഗ്രേറ്റ് ജീനിയസ് മാന്‍“ അപ്പോ ഞാന്‍ മനസ്സില്‍ .. പോടാ പൊട്ടാ ഇത് ഞങ്ങടെ നാട്ടിലെ ഏത് പോലീസുക്കാരനും ചെയ്യും ....

വിചാരം said...

പുനര്‍ജനി ദേ ഒരു കമന്റ് കൂടി.

തറവാട്ടില്‍ ഞാന്‍ കിണറ്റിന്‍ കരയില്‍ കുളിച്ചു കൊണ്ടിരിക്കുകയായിന്നു.
ഒരു വയസ്സായ സ്ത്രീ വന്ന് എന്നോട് “ മോനെവിടെത്താതാ “
“ഞാന്‍ ഈ വീട്ടിലെ തന്നെ, എന്താ സംശയം ആരാന്റെ വീട്ടില്‍ കയറി ഇങ്ങനെ പബ്ലിക്കായി തോര്‍ത്ത് എടുത്ത് കിണറ്റിന്‍ കരയില്‍ ആരെങ്കിലും കുളിയ്ക്കുമോ ?”
തള്ള മയത്തോടെ എന്നോട്...” അല്ല ഇവിടെയുള്ളവരെല്ലാം നല്ല വെളുത്തവരാ മോന്‍ മാത്രമെന്താ കറുത്തിരിക്കുന്നത് അതോണ്ട് ചോദിച്ചതാ “
നല്ലൊരു ഉത്തരം ഞാന്‍ അന്നേ കൊടുത്തൂ .. അതിവിടെ എഴുതാന്‍ കൊള്ളില്ല .. ഹഹഹ
------------------------
25 വര്‍ഷം മുന്‍പ് എന്റെ മാമന്‍ കുവൈറ്റില്‍ നിന്ന് വന്ന് ഞങ്ങടെ ഫോട്ടോ എടുത്തു (അന്ന് ഫോട്ടോ എടുപ്പ് എന്നാല്‍ ഭയങ്കര കാര്യമാ .. എന്റെ കൂടെ ഉമ്മയുടെ ജേഷ്ടത്തിയുടെ മക്കള്‍ നല്ല ചൊറുക്കുള്ള ചുവന്ന തുടുത്ത മോന്തയുള്ളവരാ അവര്‍)..ആ ഫോട്ടോ തറവാട്ടില്‍ എത്തിയിട്ടുണ്ടന്നറിഞ്ഞ് ഇല്ലത്ത് നിന്ന് ഞാന്‍ ഓടിയെത്തി തറവാട്ടിലേക്ക്.. വീട്ടിനകത്ത് നിന്ന് ജേഷ്ടന്റെ വാക്കുക ..” ഉം കരികുരങ്ങന്‍ ഞങ്ങടെ കൂടെ നിന്നതുകൊണ്ട് ഫോട്ടോ എല്ലാം ബെടക്കായി”

ഇന്ന് ഞാനാണവരുടെ ഇടയില്‍ അവരേക്കാള്‍ സുന്ദരന്‍ എന്താ സിയക്ക് സംശയമുണ്ടോ ? :)

ലളിത said...

ഈ പോസ്റ്റ്‌ കാണാന്‍ ഒരുപാടു താമസിച്ചുപോയി. കാരണം ഞാന്‍ ഇവിടെ പുതിയതായതുകൊണ്ടാണേ...എന്തു പറഞ്ഞു വിളിക്കണമെന്നറിയില്ല..എന്നേക്കാള്‍ പ്രായം കൂടിയാ ആള്‍ എന്ന നിലയില്‍ ചേട്ടാ എന്നു സ്വതന്ത്ര്യത്തോടെ വിലീച്ചുകൊണ്ടു പറയട്ടെ...'പോയി തുലയാന്‍ പറ ഇക്കൂട്ടരോട്"..മറ്റു പോസ്റ്റുകളിലൂടെ ആ ഹൃദയസൌന്ദര്യം ബോധ്യമായി...അതു മാത്രം കൈമുതലായി സൂക്ഷിക്കുക..ഒരു അനിയത്തിയുടെ പ്രാര്‍ത്ഥനയോടെ...

പുനര്‍ജ്ജനി said...

ഒരുപാടുപേര്‍ ഇതിനോടകം കമന്റയച്ചു പോയതു ഞാന്‍ കണ്ടില്ല...ഞാന്‍ ഒരുപാടു നാളിനു ശേഷമാണു പോസ്റ്റു നോക്കിയതു തന്നെ...കമന്റിയ എല്ലാവര്‍ക്കും പേരെടുത്തു പറഞ്ഞു എന്റെ നന്ദി അറിയിക്കുന്നു..നിങ്ങള്‍ കമന്റിലൂടെ പകര്‍ന്നു തന്ന ഊര്‍ജ്ജം, സ്‌നേഹം..അതിനു ഞാന്‍ കടപ്പെട്ടിരിക്കുന്നു.....നന്ദി..ഒരുപാടു നന്ദി...

tejaswini said...

ബൂലോകം‍ പുനര്‍ജ്ജനിക്കു നല്‍കിയ ആശ്വാസവാക്കുകള്‍ എനിക്കും നല്‍കി ഇത്തിരി ആത്മവിശ്വാസം...ഒന്നുമല്ലെന്ന തോന്നലായിരുന്നു ഇതുവരെ...ഒരു പരിധി വരെ ആ തോന്നല്‍ മാറി...പല ബൂലോകരും പറഞ്ഞതുപോലെ നാം തീരുമാനിക്കുന്നതു തന്നെയാണു നമ്മള്‍ എന്നു തിരിച്ചറിയുന്നിടത്താണു നമ്മുടെ വിജയം....സൌന്ദര്യം കാണുന്ന കണ്ണൂകളില്‍തന്നെയാണ്, തീര്‍ച്ച! തിമിരം ബാധിച്ച കണ്ണുകളാണ് താങ്കളെ നോക്കിയിരുന്നത് എന്നുറച്ചുവിശ്വസിക്കൂ...കവിത പോസ്റ്റിക്കഴിഞ്ഞ് താങ്കളുടെ കമെന്റില്‍കൂടി (എല്ലാം കൂടി ഒരഞ്ചുമിനിറ്റ്) ഇവിടെ എത്തിയപ്പോള്‍ ഇങ്ങനെയാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല!!!

ഇന്നലെ മനസ്സില്‍ കയറിയക്കൂടിയതായിരുന്നു അത്...ഒരു സുഹൃത്ത് പറഞ്ഞ സംഭവം..കറുപ്പായതുകൊണ്ട് വേളി നടക്കാതെപോയ പെണ്‍കുട്ടി വൃദ്ധരായ മാതാപിതാക്കള്‍ക്ക് ഭാരമാ‍വാതെ ജീവിതം അവസാനിപ്പിച്ചത്...കവിത പോലെ എന്തൊക്കെയോ കുത്തിക്കുറിച്ച് പോസ്റ്റിട്ടതും പുനര്‍ജ്ജനിയുടെ കമെന്റ്...ആദ്യമായാ ഇങ്ങനെ ഒരനുഭവം...

ആകെ വല്ലാതാ‍യിപ്പോയി..പക്ഷേ, ബൂലോകരുടെ സാന്ത്വനത്തില്‍ ശരിക്കും പുനര്‍ജ്ജനിച്ചു..

Anonymous said...

കല്ലിമുള്‍ ചെടിയും പൂഴി മണലും ഒട്ടകവും കണ്ടു ശീലിച്ച അറബിയുടെ സൌന്ദര്യ സങ്കല്‍പം
ആയിരിക്കണമെന്നില്ല ഇന്ത്യക്കരന്റെത് .അതറിയണമെങ്കില്‍ അറബി ഇന്ത്യന്‍ കടുവകളെ കാണണം , ഇന്ത്യ
എന്താണെന്നു അറിയണം, ഇന്ത്യയുടെ ആത്മാവ് എന്താണെന്നു അറിയണം ജസ്റ്റ്‌ റിമംബര്‍ ദാറ്റ്‌ !!!!