Saturday, July 5, 2008

മകന്‍ പരീക്ഷക്കു തോല്ക്കാന്‍ പ്രാര്‍ത്ഥിച്ച ഒരമ്മയെക്കുറിച്ച്‌..

മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായി സംസ്ഥാനത്തെ 'വിലകൂടിയ' വിദ്യാഭ്യാസസ്‌ഥാപനങ്ങളുടെ പടികള്‍ കയറി ഇറങ്ങുന്ന അമ്മമാരുടേയും അച്ഛന്‍മാരുടേയും മുന്നില്‍ നില്‍ക്കവേ ഞാന്‍ വീണ്ടും എന്റെ അമ്മയിലേക്കു തിരിച്ചുപോകുന്നു. പിന്നോട്ടു പോകാന്‍ കഴിയുമായിരുന്നെങ്കില്‍ എല്ലാ മനുഷ്യനും തിരിച്ചുപോവുക അവരുടെ ബാല്യത്തിലേക്കും അമ്മയുടെ മടിയിലേക്കുമായിരിക്കും അല്ലേ? ഒരിക്കല്‍ പോലും തിരികെപോകാന്‍ മനസ്സിനെ നിര്‍ബന്ധിക്കുന്ന മധുരതരമായ ഓര്‍മകള്‍ ബാക്കിയില്ലാഞ്ഞിട്ടും ഞാനും അവിടേക്കുതന്നെ പോവുകയാണ്.

പത്താം ക്ലാസ്സിലെ പരീക്ഷ പാസ്സാകുക എന്നത്‌ ജീവിതത്തിന്റെ വലിയ ഒരു വഴിത്തിരിവായിരുന്ന കാലഘട്ടം. ഗ്രേഡോ, മോഡറേഷനോ, സര്‍ക്കാരിന്റെ അനുഗ്രഹമോ, വാശിയോ ഒന്നും നിലവിലില്ലാതിരുന്ന കാലത്തെ എസ്. എസ്. എല്‍. സി. പരീക്ഷയുടെ ഫലത്തിന്റെ സുഖം വരും തലമുറക്കിപ്പൊഴേ അന്യമായിരിക്കുന്നുവല്ലോ എന്നോര്‍ക്കുമ്പോള്‍, കഷ്ടതയുടെ അവസാനം കിട്ടുന്ന സുഖത്തിന്റെ അനുഭൂതി അറിയാന്‍ ഇവര്‍ക്കു സാധിക്കാതെ വരുന്നതിനെക്കുറിച്ചോര്‍ക്കാറുണ്ട്.

എല്ലാ കുട്ടികള്‍ക്കും പത്താം ക്ലാസ്സ് പരീക്ഷ പാസ്സാകുന്ന ദിവസം അവരുടെ ജീവിതത്തിന്റെ അത്യാഘോഷകരമായ ഒരു ദിവസമായിരിക്കും. സ്‌നേഹത്തിന്റേയും ഉപഹാരങ്ങളുടേയും ആശംസകളുടേയും ദിവസം. എന്റെ സഹപാഠികളെല്ലാം അവരുടെ വിജയസന്തോഷം മധുരമായി ആഘോഷിച്ച ആ ദിവസം ഞാന്‍ ഏങ്ങി ഏങ്ങി കരഞ്ഞാണു തീര്‍ത്തത്.

സ്കൂളില്‍ നിന്നും റിസള്‍റ്റ് അറിഞ്ഞുവരുമ്പോള്‍ വഴിക്കണ്ണുമായി മക്കളെ കാത്തുനിക്കുന്ന അമ്മമാരെ പല വീട്ടുപടികളിലും ഞാന്‍ കണ്ടു. അവര്‍ എല്ലാം എന്റെ റിസള്‍റ്റ് ചോദിച്ചുകൊണ്ടേയിരുന്നു. എന്റെ ഹൃദയം എന്റെ അമ്മയുടെ അരികിലേക്കു ഓടിക്കൊണ്ടിരുന്നതിനാല്‍ ഞാന്‍ അതൊന്നും കേട്ടിരുന്നില്ല.

മക്കള്‍ പരീക്ഷക്കു ജയിക്കുവാനായി എല്ലാ ക്ഷേത്രനടകളിലും സ്വാമിപാദങ്ങളിലും സാഷ്ടാംഗം വീഴുന്ന ഇന്നത്തെ മാതാപിതാക്കളേ, മകന്‍ പരീക്ഷയില്‍ ജയിക്കരുതേ എന്നു ഉള്ളുരുകി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ഒരമ്മയെക്കുറിച്ചു നിങ്ങള് ‍കേട്ടിട്ടുണ്ടോ? എങ്കില്‍ അങ്ങനെയൊരു അമ്മയുടെ മകനാണു ഞാന്‍.

അയലത്തുവീട്ടിലെ അടുക്കളവടക്കുപുറത്ത്‌ അവരുടെ പാത്രം തേച്ചുകൊണ്ടിരുന്ന അമ്മയുടെ അരികിലേക്കാണു ഞാന്‍ സ്കൂളില്‍ നിന്നും ഓടിയെത്തിയത്. ഫസ്റ്റ് ക്ലാസ്‌സോടെ ജയിച്ച വിവരം, ഓടിയെത്തിയ അണപ്പോടെ, അത്യധികം സന്തോഷത്തോടെ, ഞാന്‍ അമ്മയോടു പറഞ്ഞപ്പോള്‍ എന്നെ ഒന്നു തൊട്ടു തഴുകാതെ, ഒരുനോക്കു നോക്കാതെ, നിറകണ്ണുകളുമായി അയലത്തുവീട്ടിലെ അടുക്കളയിലേക്ക്‌ ഓടിക്കയറിയ എന്റെ അമ്മയെക്കുറിച്ചു ഞാന്‍ എന്തെഴുതാന്‍?

അമ്മയുടെ പിന്നാലേ അവരുടെ അടുക്കളയിലേക്കു ചെന്ന ഞാന്‍ അവിടുത്തെ ചേച്ചിയുടെ മുന്നില്‍ സങ്കടം പറയുന്ന അമ്മയെ മറഞ്ഞുനിന്നു കേള്‍ക്കുകയായിരുന്നു. ഓരോ തവണ ഞാന്‍ കൂടുതല്‍ മാര്‍ക്കോടെ പാസ്സാകുമ്പോഴും അമ്മ ഭയന്നിരുന്നത്‌ ഈ ഒരു ദിവസത്തെ ആയിരുന്നുവത്രേ. ഒരമ്മയും ചെയ്യാത്ത രീതിയില്‍ 'എന്റെ കുഞ്ഞു പരീക്ഷക്കു ജയിക്കാതിരിക്കണേ' എന്നു പോലും അമ്മ പ്രാര്‍ത്ഥിച്ചിരുന്നുവത്രേ. "ഫസ്റ്റ് ക്ലാസ്‌സോടെ പാസായ അവന്‍ കോളേജില്‍ ചേരണമെന്നു പറഞ്ഞാല്‍ ഞാന്‍ എന്തു ചെയ്യും" എന്നു പറഞ്ഞു ആ അടുക്കള തറയിലെ കരിയിലേക്കു എന്റെ അമ്മ തളര്‍ന്നിരിക്കുന്നിടത്തേക്കാണു ഞാന്‍ പതുക്കെ നടന്നു ചെന്നത്. അടുക്കളത്തറയില്‍ ഞാനും അമ്മയും കെട്ടിപ്പിടിച്ചു ഏറെക്കരഞ്ഞിരുന്നു.

എനിക്കു കോളേജില്‍ ചേരണമെന്ന ആഗ്രഹം വല്ലാതായ ഒരു രാത്രിയില്‍ ഞാന്‍ കരഞ്ഞുകൊണ്ടേയിരുന്നു. മകന്റെ സ്വതന്ത്ര്യത്തോടെ, ഞാന്‍ എന്റെ അമ്മയോട് കലഹിച്ചുകൊണ്ടിരുന്നു. ഇല്ലായ്മ അറിയാഞ്ഞല്ല, കേവലം 210 മാര്‍ക്ക് മാത്രം വാങ്ങി ജയിച്ച കുട്ടികള്‍ പോലും എന്റെ മുന്നിലൂടെ കോളേജിലെക്കു പോകുന്നതു കണ്ടപ്പോളുള്ള ഒരു ഫസ്റ്റ് ക്ലാസ്സുകാരന്റെ അപമാനമാണ്‌ , മുറിവേറ്റ ഹൃദയമാണ്‌ കരഞ്ഞുകൊണ്ടിരുന്നത്‌ എന്ന്‌ അമ്മ അറിഞ്ഞിരുന്നുവോ?

കോളേജില്‍ ചേരാന്‍, കൂടുതല്‍ പഠിക്കാന്‍ ഞാന്‍ ഒരുപാടാഗ്രഹിച്ചു. അതിനേക്കാളുമൊക്കെ, എന്റെ ക്ലാസ്സില്‍ പഠിക്കാന്‍ തീരെ മോശമായിരുന്ന കുട്ടികള്‍ പോലും ഗമയില്‍ ആര്‍ത്തുചിരിച്ചും കളിച്ചും കോളേജിലേക്കു പോകുമ്പോള്‍ അവരുടെ മുന്നില്‍ പെടുമ്പോഴുണ്ടായിരുന്ന വൈക്ലബ്യം ആ പ്രായത്തില്‍ അസഹനീയമായിരുന്നു. അറിയാതെയെങ്ങാനും അവരുടെ മുന്നിലെത്തപ്പെട്ടാല്‍ അതെന്റെ ദാരിദ്ര്യത്തിന്റെ ഒരു വിളിച്ചോതലായി തോന്നിയിരുന്നു അന്ന്‌.

ദാരിദ്ര്യം കുടിച്ചുവറ്റിച്ച എന്റെ അമ്മയുടെ കണ്ണുകള്‍ ദൈന്യതയോടെ എന്നെ നോക്കിയിരുന്നിരിക്കണം. ഞാന്‍ അത്യധികമായി വേദനിക്കുന്നുണ്ടെന്നു ബോധ്യം വന്ന ഒരു രാത്രിയില്‍ എന്റെ അമ്മ കൈവെള്ള മലര്‍ത്തിപ്പിടിച്ച്‌ എന്റെ മുന്നില്‍, ചാണകം മെഴുകിയ തിണ്ണയില്‍, എന്നോടൊപ്പമിരുന്നു. അമ്മയുടെ കൈകളില്‍ അമ്മയുടെ കാതില്‍ കിടന്നിരുന്നു അരപ്പവന്‍ തികച്ചില്ലാത്ത കല്ലുവെച്ച രണ്ടു കമ്മലുകളായിരുന്നു. അമ്മ അതെന്റെ കൈകളില്‍ തന്നിട്ടു പറഞ്ഞു. 'മോനെ കോളേജില്‍ വിടാന്‍ അമ്മക്കു ഒരു ഗതിയുമില്ല. അതിനെത്ര കാശാകുമെന്നു പോലും അമ്മക്കറിയില്ല. ഇതു കൊണ്ടു വിറ്റാല്‍ മോനു പുസ്തകം വാങ്ങാന്‍ തികയുമെങ്കില്‍ പുസ്തകം വാങ്ങി മോന്‍ കോളേജില്‍ ചേരു..." എന്നു പറഞ്ഞു അമ്മ ആ കല്ലുകമ്മലുകള്‍ എന്റെ കയ്യില്‍ വെച്ചു തന്നു.

കോളേജിന്റെ അഡ്മിഷനെക്കുറിച്ചോ, അതിന്റെ നടപടിക്രമങ്ങളെക്കുറിച്ചോ അമ്മക്കറിയില്ലല്ലോ..പുസ്തകം വാങ്ങാന്‍ കാശുണ്ടായാല്‍ കോളേജില്‍ ചേരാം എന്നു മാത്രമേ അമ്മക്കറിയുമായിരുന്നുള്ളൂ..എന്റെ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ട്, എന്റെ അമ്മയുടെ കാതുകളിലേക്കു ഞാന്‍ തന്നെ ആ കമ്മല്‍ തിരുകിയിട്ടു. എനിക്കു കോളേജില്‍ ചേരേണ്ട, എനിക്കു അങ്ങനെ ഒരാഗ്രഹമില്ല എന്നു അമ്മയെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ ആ രാത്രി മുഴുവന്‍ മതിയായിരുന്നില്ല.

'എന്നെങ്കിലും ഒരു ജോലി കിട്ടുകയാണെങ്കില്‍ എന്റെ മോന്‍ ഇന്നു മനസ്സില്‍ കുഴിച്ചിട്ട പഠിക്കാനുള്ള മോഹത്തെ പുറത്തു മാന്തിയെടുക്കണമെന്നും എങ്കിലേ ഈ അമ്മക്കു മനസ്സമാധാനമാകൂ' എന്നുമുള്ള ഒരു ഉറപ്പ്‌ അമ്മ അന്നു രാത്രിയില്‍ എന്നില്‍ നിന്നും വാങ്ങിയിരുന്നു.

പെറ്റമ്മയുടെ അനുഗ്രഹം കൂടെയുണ്ടെങ്കില്‍ നിങ്ങള്‍ക്ക്‌ ജീവിതവിജയത്തിന്റെ ഏതറ്റം വരെയും പോകാം. അതിനുള്ള ഊര്‍ജ്ജവും ഓജസ്സും നിങ്ങള്‍ക്ക്‌ എന്നുമുണ്ടാകും. ഇന്നു ഞാന്‍ ബിരുദധാരിയാണ്. ഒന്നല്ല, പലത്‌.
അതിനെല്ലാമുപരി, എന്റെ അമ്മ സ്വപ്നം പോലും കാണാതിരുന്ന മറ്റെന്തൊക്കെയോ ആണു ഞാന്‍ ഇന്ന്‌. പക്ഷേ എല്ലാ ദിവസവും ഒരിക്കല്‍ ഞാന്‍ എന്റെ അമ്മയുടെ മകനായി മാറും. മനസ്സിന്റെ ശാന്തി അവിടെയാണെന്നു ഞാന്‍ അറിയുന്നു.

അമ്മയുടെ മടിയിലേക്കു തിരിച്ചുപോകാനാഗ്രഹിക്കാത്ത ഏതു മക്കളാണുണ്ടാവുക? ആരെങ്കിലും ഇതു വായിക്കുന്നുവെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ അമ്മയെ ഒരു നിമിഷം സ്‌മരിക്കുക. അതിലൂടെ ഞാന്‍ കൃതാര്‍ത്ഥനാകട്ടെ.

24 comments:

പുനര്‍ജ്ജനി said...

മക്കള്‍ പരീക്ഷക്കു ജയിക്കുവാനായി എല്ലാ ക്ഷേത്രനടകളിലും സ്വാമിപാദങ്ങളിലും സാഷ്ടാംഗം വീഴുന്ന ഇന്നത്തെ മാതാപിതാക്കളേ, മകന്‍ പരീക്ഷയില്‍ ജയിക്കരുതേ എന്നു ഉള്ളുരുകി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ഒരമ്മയെക്കുറിച്ചു നിങ്ങള് ‍കേട്ടിട്ടുണ്ടോ? എങ്കില്‍ അങ്ങനെയൊരു അമ്മയുടെ മകനാണു ഞാന്‍.

ഗുരുജി said...

കുമാതാ: ന: ഭവതി എന്ന ശങ്കരാചാര്യവചനം കേട്ടിട്ടില്ലേ...
മാഷേ, നിങ്ങളാരായിരുന്നാലും...ഒരു കൂപ്പുകൈ.

ദാരിദ്ര്യം ഒരു അനുഗ്രഹമായി കരുതണം...
"ദാരിദ്ര്യമെന്തെന്നതറിഞ്ഞവര്‍ക്കേ, പാരില്‍ പരക്ലേശവിവേകമുള്ളൂ..എന്നും നമ്മള്‍ പഠിച്ചിട്ടില്ലേ...

നമ്മുടെ ഇന്നിന്റെ ശോച്യാവസ്ഥ തന്നെ ദാരിദ്ര്യം സഹിക്കാനുള്ള മനക്കരുത്തില്ലായ്മയുടെ ബാക്കിപത്രമാണ്‌. കടം വാങ്ങിയും കവര്‍ന്നെടുത്തും ദാരിദ്ര്യത്തെ മറച്ചുവെക്കുന്ന പരിഷ്‌കൃതസമൂഹം..സ്വന്തമായി ക്ലേശിക്കാന്‍ മനസ്‌ഥൈര്യമില്ലാത്തവര്‍ അന്യന്റെ ക്ലേശമെങ്ങനെയറിയാന്‍..

മാഷേ...ആ അമ്മയുടെ മുന്നില്‍ ഒരു വലിയ പ്രണാമം.

fiza said...

gr

fiza said...

കഷ്ടപാടുകള്‍ക്കിടയിലും ബുദ്ധിമുട്ടുകള്‍ക്കിടയിലും ജീവിതത്തെ വിജയ പാതയില്‍ എത്തിച്ച നിങ്ങള്‍ക്ക്, പത്താം ക്ലാസ്സില്‍ മികച്ച മാര്‍ക്ക് നേടി ,പിന്നീടുള്ള പഠനങ്ങള്‍ രാഷ്ട്രീയത്തിന് മുന്നില്‍ തകര്‍ത്തെറിഞ്ഞ ഒരാളുടെ അഭിനന്ദനങ്ങള്‍ ...

Balu said...

ഇല്ലായ്മയുടെ വില അറിഞ്ഞവനേ ഉയരങ്ങളില് എത്തൂ. സമ്പത്തുള്ള എത്രയോ കുട്ടികള് സ്വന്തം ജീവിതം തുലച്ചു കളയുന്നു. അവസാനം ദാരിദ്ര്യത്തിലേക്ക് ചെന്നെത്തുന്നു. താങ്കള്ക്ക് ഉയരങ്ങളില് എത്താനുള്ള പ്രേരക ഖടകം ബാല്യ കാലത്തെ അനുഭവം ആണ്. എനിക്ക് ബാല്യത്തില് തന്നെ അങ്ങനെ ബുദ്ധിമുട്ടുകള് സഹിക്കേണ്ടി വന്നിരുന്നെങ്കില് എന്ന് ഇപ്പോള് ഞാന് വിചാരിക്കാറുണ്ട്. ഇടയ്ക്ക് ദൈവം അതെല്ലാം പഠിപിച്ചു, ഇപ്പോഴാണ് എല്ലാത്തിന്റെയും വില മനസിലായത്. അതുകൊണ്ട് ഞാന് ഇപ്പോള് രേക്ഷപ്പെട്ടു.

അത് കൊണ്ടു, നിങ്ങളുടെ ബാല്യ കാല അനുഭവങ്ങള് വിലപെട്ടതാണെന്ന് മനസിലാക്കുക. ദൈവത്തിന് നിങ്ങളോട് അത്രയ്ക്ക് ഇഷ്ട്ടമുള്ളത് കൊണ്ടാണ് നിങ്ങള്ക്ക് രക്ഷാ മാര്ഗമെന്ന നിലയില് ബല്യ കാല കഷ്ട്ടപ്പടുകള് തന്നത് എന്ന് മനസിലാക്കുക.
എന്തായാലും ഇപ്പോഴത്തെ നിങ്ങളുടെ ആത്മ നിര്വ്രിതി ഞാന് മനസിലാക്കുന്നു . You are lucky. Now enjoy yourself. Wish you all success.

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

ഹോര്‍ലിക്‌സും പിസയും കൊടുത്ത്‌
മക്കളെ അമുല്‍ബേബിമാരാക്കിയ
അതേ പണത്തിന്റെ മികവുകൊണ്ട്‌ തന്നെ
അവരുടെ ബിരുദവും ബിരുദാനന്തരബിരുദവും
കോളജ്‌ അഡ്‌മിഷനുമെല്ലാം തരപ്പെടുത്തിക്കൊടുക്കുന്നത്‌
ഒരു ശീലമാക്കിയ ഇന്നത്തെ മാതാപിതാക്കളോട്‌
ദാരിദ്ര്യത്തെപ്പറ്റി ഒരക്ഷരം പോലും പറഞ്ഞുപോകരുത്‌...
പട്ടിണിയോ..അതെന്താ എന്ന്‌ തിരിച്ച്‌ ചോദിക്കുന്ന
ഒരു വിഭാഗം കുബേരസന്തതികളുടെ
ചെരുപ്പിനടിയില്‍ എല്ലാ ആനുകൂല്യങ്ങളും
നിഷേധിക്കപ്പെട്ട്‌ ജീവിതത്തോട്‌ തന്നെ
വിരക്തിതോന്നുന്ന ദരിദ്രനാരായണന്‍മാര്‍
കഴിഞ്ഞുകൂടുന്നുവെന്ന കാര്യം വിസ്‌മരിക്കുന്നില്ല....
പക്ഷെ....പട്ടിണിയെന്നത്‌ ഇന്നത്തെ
തലമുറയെസംബന്ധിച്ചിടത്തോളം
ഔട്ട്‌ ഓഫ്‌ ഫാഷന്‍ ആയിക്കഴിഞ്ഞു....

മാതൃത്വം പോലും അളന്നുകൊടുക്കുന്ന
ഇന്നത്തെ മോഡേണ്‍സ്‌ത്രീകളില്‍ പലര്‍ക്കും
സ്‌നേഹത്തിന്റെയും കടപ്പാടിന്റെയും വിലയറിയില്ല...
അമ്മ എന്ന പദത്തിനര്‍ത്ഥം തന്നെ
ശരിയായറിയാത്ത ഇത്തരക്കാര്‍
മക്കളെ മുലയൂട്ടുന്നതിന്‌ പോലും
അറച്ചുനില്‍ക്കുന്നത്‌...സ്വന്തം
സൗന്ദര്യത്തിന്‌ മങ്ങലേല്‍ക്കുമെന്ന
സ്വാര്‍ത്ഥതാല്‌പര്യമൊന്നുകൊണ്ട്‌ മാത്രമാണ്‌...
അത്തരക്കാരുടെ ഇടയില്‍ തന്നെയാണ്‌
താങ്കള്‍ നേരത്തെ പറഞ്ഞ
പോലെ ഒരമ്മ ജീവിക്കുന്നതെന്നും
ദാരിദ്ര്യത്തിനിടയിലും മകനെ
പഠിപ്പിക്കുവാന്‍ അവര്‍
ആഗ്രഹിച്ചതെന്നും പറയുമ്പോഴാണ്‌..
ഇവര്‍ തമ്മിലുള്ള വ്യത്യാസം പ്രകടമാവുന്നത്‌...

അമ്മയുടെ ആഗ്രഹം
കുറച്ചെങ്കിലും സാര്‍ത്ഥകമാക്കുവാന്‍
താങ്കള്‍ക്ക്‌ സാധിച്ചുവെങ്കില്‍....
അത്‌ താങ്കളുടെ കഴിവുകൊണ്ട്‌ മാത്രമല്ല..
അവരുടെ പ്രാര്‍ത്ഥന കൊണ്ട്‌ കൂടിയാണ്‌...

സസ്‌നേഹം..
അന്യന്‍.....

siva // ശിവ said...

വായിച്ചു...വിഷമം തോന്നി...

ഞാന്‍ ഒരു നാളും എന്റെ അമ്മയ്ക്ക് സമാധാനം കൊടുത്തിട്ടില്ല...എനിക്ക് അമ്മയെ ഒരുപാട് ഇഷ്ടമാണ്...എന്നാലും അത് പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല...

ഈ ഓര്‍മ്മകള്‍ ഒരിക്കലും അവസാനിക്കാതിരിക്കട്ടെ...

സസ്നേഹം,

എല്ലാം സഹിക്കുകയും സ്നേഹിക്കാന്‍ മാത്രം അറിയുകയും ചെയ്യുന്ന ഒരമ്മയുടെ മകന്‍

Lathika subhash said...

സഹോദരാ,
ആ അമ്മ ആഗ്രഹിച്ചിരുന്നത് മകന്റെ ഉജ്ജ്വല
വിജയം തന്നെയായിരുന്നല്ലോ. അതാണു താങ്കള്‍
ഇന്ന് ഉന്നതങ്ങളിലെത്തിയത്. കഴിഞ്ഞ കാര്യങ്ങള്‍
ഓര്‍ക്കാനും അത് മറ്റുള്ളവരുമായി പങ്കു വക്കാനുമു
ള്ള ഈ വലിയ മനസ്സും ആ അമ്മ തന്നതാവും.
അമ്മയ്ക്ക് ആയുരാരോഗ്യ സൌഖ്യങ്ങളും മകന്
നന്മകളൂം നേരുന്നു.

പുനര്‍ജ്ജനി said...

ഞാന്‍ ഇന്നു മാസ്റ്റര്‍ ബിരുദധാരിയാണ്‌, അതിനെല്ലാമുപരി, ഒരു പക്ഷേ എന്റെ പ്രതീക്ഷകള്‍ക്കുമപ്പുറമുള്ള ഒരു നിലയിലാണ്‍ ജീവിതവും. അഹങ്കരിക്കാനും ആഡംബരത്തിനും വേണ്ടുംവിധമായ ഒരുപാടു സൌകര്യങ്ങളുടെ നടുവിലാണു ഞാന്‍ ഇന്ന്‌. പക്ഷേ, ഇന്നത്തെ സമൂഹത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന ആ അഡംബരഭ്രമത്തിലേക്കു ഞാന്‍ ഇനിയും വീണുപോയിട്ടില്ല,,അതിനും ഉണ്ടു രണ്ടു കാര്യങ്ങള്‍..ഒന്നു കരുണാമയിയായ എന്റെ അമ്മ തന്ന ജീവിതദര്‍ശനം, ഭൂതകാലത്തിന്റെ നിരന്തരമായ വേട്ടയാടല്‍ പിന്നെ എനിക്കു കരുത്തുതരുന്ന എന്റെ ഭാര്യ. എന്റെ അമ്മയെ ഒരു രാജ്ഞിയെപ്പോലെ നോക്കിക്കൊള്ളണമെന്ന ഒരുറപ്പാണ്‌ ഞാന്‍ സ്ത്രീധനമായി ആവശ്യപ്പെട്ടത്.......ആ ധനം നാള്‍ക്കുനാള്‍ വര്‍ദ്ധിചുകൊണ്ടിരിക്കുന്നു....അങ്ങനെയും ഞാന്‍ സമ്പന്നനാണ്‌.
ഇതുവഴി വരുന്ന എല്ലാവര്‍ക്കും നന്ദി.
എന്റെ ഇ-മെയില്‍ അഡ്രസ്സ്. punarjjani@gmail.com

ശ്രീ said...

മനസ്സില്‍ തട്ടുന്ന മറ്റൊരു പോസ്റ്റു കൂടി, മാഷേ.

ആ അമ്മയുടെ അനുഗ്രഹം എന്നും കൂടെയുണ്ടാകും, മാഷേ.
:)

പുനര്‍ജ്ജനി said...

ഞാന്‍ ഇന്നു മാസ്റ്റര്‍ ബിരുദധാരിയാണ്‌, അതിനെല്ലാമുപരി, ഒരു പക്ഷേ എന്റെ പ്രതീക്ഷകള്‍ക്കുമപ്പുറമുള്ള ഒരു നിലയിലാണ്‍ ജീവിതവും. അഹങ്കരിക്കാനും ആഡംബരത്തിനും വേണ്ടുംവിധമായ ഒരുപാടു സൌകര്യങ്ങളുടെ നടുവിലാണു ഞാന്‍ ഇന്ന്‌. പക്ഷേ, ഇന്നത്തെ സമൂഹത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന ആ അഡംബരഭ്രമത്തിലേക്കു ഞാന്‍ ഇനിയും വീണുപോയിട്ടില്ല,,അതിനും ഉണ്ടു രണ്ടു കാര്യങ്ങള്‍..ഒന്നു കരുണാമയിയായ എന്റെ അമ്മ തന്ന ജീവിതദര്‍ശനം, ഭൂതകാലത്തിന്റെ നിരന്തരമായ വേട്ടയാടല്‍ പിന്നെ എനിക്കു കരുത്തുതരുന്ന എന്റെ ഭാര്യ. എന്റെ അമ്മയെ ഒരു രാജ്ഞിയെപ്പോലെ നോക്കിക്കൊള്ളണമെന്ന ഒരുറപ്പാണ്‌ ഞാന്‍ സ്ത്രീധനമായി ആവശ്യപ്പെട്ടത്.......ആ ധനം നാള്‍ക്കുനാള്‍ വര്‍ദ്ധിചുകൊണ്ടിരിക്കുന്നു....അങ്ങനെയും ഞാന്‍ സമ്പന്നനാണ്‌.
ഇതുവഴി വരുന്ന എല്ലാവര്‍ക്കും നന്ദി.
എന്റെ ഇ-മെയില്‍ അഡ്രസ്സ്. punarjjani@gmail.com

പുനര്‍ജ്ജനി said...

രഘുവംശി, പാച്ചി, ഞാന്‍, അന്യന്‍, ശിവ, ലതി, ശ്രീ....... നല്ലതും പ്രചോദിതവുമയ കമന്റുകളയച്ച നിങ്ങളേവര്‍ക്കും ഹൃദയം തൊട്ടു നന്ദി അറിയിക്കുന്നു........

Anonymous said...

ദാരിദ്ര്യം ഒരു അനുഗ്രഹമായി കരുതണം...
"ദാരിദ്ര്യമെന്തെന്നതറിഞ്ഞവര്‍ക്കേ, പാരില്‍ പരക്ലേശവിവേകമുള്ളൂ..എന്നും നമ്മള്‍ പഠിച്ചിട്ടില്ലേ...

ദാരിദ്ര്യം അറിഞൊ എന്നു ചൊദിചല്‍...തീര്ചയായുമ് മുന് തലമുറ്കളെ അപേക്സിചു onnum arinjitilla..sorry for writing in english. pakshe ningalude manassu manassilakum... vappayum ummayum avar randu jodi dressil kollangal jeevicha katha parayumbol (onnu veetil udukkan onnu collegil udukkan)....innathe pillere pole chirikkarilla...njangal valrumbol udhaaravalkaranam thudangiyittilla ... gulfile thuniyum perfumum puthumakal aayirunna kaalaam...

appol mukalil paranjathu pole daaridryam ennathu oru romanticism aayirunnu...daridranaya jithendrayum...mammootiyum, mithun chakravarthiyum jeevitha vijayanaagal nedunnathu (cinemayil) kandappol ithokke possible aanallo ennorthirunna kaalam...


ഹോര്‍ലിക്‌സും പിസയും കൊടുത്ത്‌
മക്കളെ അമുല്‍ബേബിമാരാക്കിയ
അതേ പണത്തിന്റെ മികവുകൊണ്ട്‌ തന്നെ
അവരുടെ ബിരുദവും ബിരുദാനന്തരബിരുദവും
കോളജ്‌ അഡ്‌മിഷനുമെല്ലാം തരപ്പെടുത്തിക്കൊടുക്കുന്നത്‌
ഒരു ശീലമാക്കിയ ഇന്നത്തെ മാതാപിതാക്കളോട്‌
ദാരിദ്ര്യത്തെപ്പറ്റി ഒരക്ഷരം പോലും പറഞ്ഞുപോകരുത്‌...
പട്ടിണിയോ..അതെന്താ എന്ന്‌ തിരിച്ച്‌ ചോദിക്കുന്ന
ഒരു വിഭാഗം കുബേരസന്തതികളുടെ
ചെരുപ്പിനടിയില്‍ എല്ലാ ആനുകൂല്യങ്ങളും
നിഷേധിക്കപ്പെട്ട്‌ ജീവിതത്തോട്‌ തന്നെ
വിരക്തിതോന്നുന്ന ദരിദ്രനാരായണന്‍മാര്‍
കഴിഞ്ഞുകൂടുന്നുവെന്ന കാര്യം വിസ്‌മരിക്കുന്നില്ല....
പക്ഷെ....പട്ടിണിയെന്നത്‌ ഇന്നത്തെ
തലമുറയെസംബന്ധിച്ചിടത്തോളം
ഔട്ട്‌ ഓഫ്‌ ഫാഷന്‍ ആയിക്കഴിഞ്ഞു....

100% yojikkunnu....pandu nadannathum pattayil cheythathum okke innu what nonsense ?? how can u live without electricty ? how can you be away from net for 48 hrs, mobile illengil ??? i wear only jeans ...ennokke parayunna makkale kuttam parayilla ...pakshe aa makkal aarkano undyathu avar thanne avarude mun kalangale etho dusopnam pole marakkan aagrahikunno ??? Thanne thaan aakunnathu aa anubhavangal aanenu marakkunno ? Athilorithiri anubhavanagal nalla reethiyil makklakku pakarnnu koduthu oru broader, wider lokathine kurichu avare appreciative aakkan kazhiyillenno/avashyamillenno ??? ellam velli thalathil, velli karandiyil kodukatte....angane avar avarudethaya oru lokam maathram paduthuyarthatte......ivide commentiya palarudeyum positive outlookinu oru salam

പുനര്‍ജ്ജനി said...

ഒരുപാടുപേര്‍ ഇതിനോടകം കമന്റയച്ചു പോയതു ഞാന്‍ കണ്ടില്ല...ഞാന്‍ ഒരുപാടു നാളിനു ശേഷമാണു പോസ്റ്റു നോക്കിയതു തന്നെ...കമന്റിയ എല്ലാവര്‍ക്കും പേരെടുത്തു പറഞ്ഞു എന്റെ നന്ദി അറിയിക്കുന്നു..

മുസ്തഫ|musthapha said...

കൈപ്പള്ളിയുടെ ‘ഇതാരുടെ ഉത്തരങ്ങൾ’ എന്ന പോസ്റ്റിലെ ഇത്തവണത്തെ (48) ഉത്തരങ്ങൾ വഴിയാണ് ഇങ്ങോട്ടെത്തിയത്...
http://mallu-gombetion.blogspot.com/2009/04/48.html

ഇതായിരുന്നു ചോദ്യം:
ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും.

ഉത്തരം ഇങ്ങിനേയും:
കവികളുടെ ബ്ലോഗില്‍ കയറും. കവിതയോടാണു ഇഷ്ടം കൂടുതല്‍. ഓര്‍മ്മക്കുറിപ്പിസ്‌റ്റുകളുടെ കൂട്ടത്തില്‍ അത്ര സജീവമല്ലാത്ത 'പുനര്‍ജ്ജനി' എന്ന ബ്ലോഗറെ (http://punarjjani.blogspot.com) കാണണമെന്നൊരാഗ്രഹമുണ്ട് . അവിടെയുണ്ടൊ എന്ന് അന്വേഷിക്കും. കണ്ടുമുട്ടിയാല്‍‌ മകന്‍‌ പരീക്ഷക്കു തോല്‍‌ക്കാന്‍‌ പ്രാര്‍‌ത്ഥിച്ച അമ്മയുടെ മകനു ഒരു കൈകൊടുക്കും‌.

കണ്ടുമുട്ടിയാല്‍‌ മകന്‍‌ പരീക്ഷക്കു തോല്‍‌ക്കാന്‍‌ പ്രാര്‍‌ത്ഥിച്ച അമ്മയുടെ മകനു ഒരു കൈകൊടുക്കും‌ < ഇത് വായിച്ചപ്പോൾ പിന്നെ ബാക്കി ഉത്തരങ്ങൾ വായിക്കാനല്ല തോന്നിയത്, പകരം ആ അമ്മയേയും മകനേയും കാണാനായിരുന്നു...

ഇവിടെയെത്തി...

കണ്ടു, പുണ്യവതിയായ ആ‍ അമ്മയേയും അവരുടെ മകനേയും...

ആ 48ആം ഉത്തരകറ്ത്താവ് പറഞ്ഞതു തന്നെ ഞാനും പറയുന്നു....

വേണു venu said...

അഗ്രജന്‍ ഭായി പറ്ഞ്ഞതു പോലെ ഞാനും എത്തിയതാണു്. ഇന്നാണു്‍ വായിച്ചത്. സമാനമായ അനുഭവങ്ങളും‍,അല‍ക്ഷ്യമായ യാത്രകളും ‍ എന്നെ എന്‍റെ Prfile ല്‍ തന്നെ ഇങ്ങനെ എഴുതിപ്പിച്ചു.“ഈ ജീവിതത്തില്‍ ഒത്തിരി പഠിക്കാന്‍ കഴിഞ്ഞ മഹാഭാഗ്യവാന്“ എന്ന്.
അനുഭവങ്ങളുടെ വിങ്ങലുകള്‍ ഒരിക്കലൊരു കഥയായി ഞാനെഴുതിയിരുന്നു.
ഇവിടെയും ഒരു ചെറു നൊമ്പരം
താങ്കളുടെ പോസ്റ്റുകളിലെ നൊമ്പരങ്ങള്‍ എനിക്ക് അനുഭവിച്ചെടുക്കാന്‍ കഴിയുന്നു.

kichu / കിച്ചു said...

അഗ്രജനു പിന്നാലെ ഞാനുമെത്തി, മറ്റൊരമ്മ

ഒന്നു നമിക്കാന്‍.. അമ്മയേയും മകനേയും..

എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.

sHihab mOgraL said...

അവസാനത്തെ രണ്ടു പേരുടെ വഴിയിലൂടെയാണു ഞാനുമെത്തുന്നത്..
വായിച്ചു മുന്നേറുമ്പോള്‍ കണ്ണുകള്‍ ഈറനണിഞ്ഞത് ഒരു മാതാവിന്റെ മഹത്വം തൊട്ടറിഞ്ഞപ്പോഴായിരിക്കണം..
ശരിയാണ്.. അമ്മ എന്തൊക്കെയോ ആണ്.. പറഞ്ഞറിയിക്കാനാവാത്തത്..

N.J Joju said...

Great....

Kaithamullu said...

മനസ്സ് നിറഞ്ഞൂ.
കണ്ണുകള്‍ തൂവി...

Shaf said...

ഈ ഓര്‍മ്മകള്‍ ഒരിക്കലും അവസാനിക്കാതിരിക്കട്ടെ...


thanks thoufi for the link

ഏറനാടന്‍ said...

കൈപ്പള്ളീസ് ഗോമ്പറ്റീഷനില്‍ ഉള്ള പരാമര്‍ശം വായിച്ചും അഗ്രജന്‍ കൊടുത്ത ലിങ്ക് പിടിച്ചും ആണ്‌ ഇവിടെ എത്തിയത്. ഹൃദയസ്പര്‍ശിയായി എഴുതിയത് കണ്ണുകളെ ഈറനണിയിക്കുന്നു.

വല്ലാത്ത നോവനുഭവപ്പെട്ടു.

ശിശു said...

ഓര്‍മ്മകളിലേക്ക് ഒന്നെത്തിനോക്കുന്നവന്‍ ഇന്നൊരു ബാധ്യതയാണെന്ന് അല്ലെങ്കില്‍ പരോക്ഷമായെങ്കിലും സമൂഹത്തില്‍ അവനൊരു പരിഹാസപാത്രമാകണെമെന്ന വിശ്വാസം വച്ചുപുലര്‍ത്തുന്ന നവയുഗ ഐടി ചിന്തകള്‍ പരന്നുകിടക്കുന്ന ബ്ലോഗില്‍ വളരെ അവിചാരിതമായാണ് അമ്മയെ ഓര്‍മ്മിക്കുന്ന, അമ്മയെ ഓര്‍മ്മിക്കണമെന്ന് പറഞ്ഞ്തരുന്ന ഒരു പോസ്റ്റ് വായിക്കാനിടയായത്. നന്ദി കൃഷ്ണ തൃഷ്ണക്ക്. അദ്ദേഹത്തിന്റെ ഗോമ്പറ്റീഷനിലെ കമന്റിലൂടെയാണ് ഞാനിവിടെ എത്തിയത്.
ഒന്നും പറയാനാകാതെ ഇവിടെ നിന്നും പോകാന്‍ മനസ്സനുവദിക്കുന്നില്ല. അതിനാല്‍ മാത്രം ആ അമ്മക്ക് മുന്നില്‍ ഞാന്‍ സാഷ്ടാംഗം നമിക്കുന്നു എന്നവാക്കുകള്‍ കുറിച്ചിടട്ടെ!

ഹരിത് said...

വേണുവിന്‍റെ വായനാ ലിസ്റ്റുവഴി ഇവിടെ എത്തി. ഹൃദയസ്പര്‍ശിയായ വിവരണം. സത്യസന്ധതയുടെ ആര്‍ജ്ജവം. ഭാ‍വുകങ്ങള്‍